താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് മരം വീണ് ഗതാഗത തടസപ്പെട്ടു. ചുരത്തിൽ ആറാം വളവിലാണ് മരം റോഡിലേക്ക് വീണത്. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സും അടിവാരത്ത് നിന്ന് പോലീസും സ്ഥലത്തെത്തി ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു ആറാം വളവിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. നാലുമണിയോടെയായിരുന്നു മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഒന്നര മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടതു കൊണ്ട് തന്നെ വാഹനങ്ങളുടെ നീണ്ട നിരതന്നെ ചുരത്തിൽ ഉണ്ട്. രണ്ട് മണിക്കൂറിലേറെ കഴിഞ്ഞാൽ മാത്രമേ ഗതാഗതം സാധാരണ നിലയിലാകൂ എന്നാണ് വിവരം.
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന മേഖല ആയതു കൊണ്ട് തന്നെ ചെറിയൊരു ഗതാഗത തടസം ഉണ്ടായാൽ തന്നെ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകാറുണ്ട്. അത്തരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയും രൂപപ്പെട്ടിട്ടുണ്ട്.
നിലവിൽ മരം വീണിടത്ത് നിരന്തരം മഴ പെയ്യുന്ന പ്രദേശമാണ്. വെള്ളം കുത്തിയൊഴുകുന്ന പ്രദേശം കൂടിയാണ് ഇത്.