പിണറായി കരുത്തനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി നടേശന്‍

0
71

പിണറായി കരുത്തനായ മുഖ്യമന്ത്രിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും അധോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ഡി.ജെ.എസ് ഒന്നുമല്ലെന്നും കേരളം ഭരിക്കാന്‍ കൊള്ളാവുന്ന കരുത്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തന്റെ പ്രതികരണം.

കേരളത്തില്‍ ബി.ജെ.പിയുടെ അടിസ്ഥാനം സവര്‍ണന്റേതാണ്. ബി.ജെ.പി പിന്നാക്കക്കാരെ മത്സരത്തിനിറക്കിയ ഒരിടത്തും സവര്‍ണര്‍ വോട്ട് ചെയ്തില്ല. രാഷ്ട്രീയ ലക്ഷ്യമിട്ട് കേരളത്തില്‍ നടത്തിയ സമരങ്ങള്‍ എങ്ങുമെത്തിയില്ല. ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടി വിവാദങ്ങളുണ്ടാക്കിയിട്ടും ജനം ഇടതുപക്ഷത്തിനൊപ്പം നിന്നു. പാവപ്പെട്ട ജനങ്ങളുടെ മനസ്സ് പെന്‍ഷനും കിറ്റും നല്‍കിയ പിണറായി സര്‍ക്കാറിനൊപ്പമായിരുന്നു. ഇനിയും കേരളത്തില്‍ തുടര്‍ഭരണം വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അനാഥപ്രേതമായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ വന്നവനും പോയവനുമെല്ലാം കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കി. കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായതോടെ പുതിയ ഒരു ഗ്രൂപ്പുകൂടി ഉണ്ടായി. പ്രസിഡന്റായി വന്നവരെല്ലാം ഗ്രൂപ്പുണ്ടാക്കിയതല്ലാതെ കോണ്‍ഗ്രസിന് ഗുണമുണ്ടായില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.