Sunday
11 January 2026
24.8 C
Kerala
HomeIndiaഓഗസ്റ്റ് 15 വരെ ഇന്ത്യയിലെ എല്ലാ സംരക്ഷിത സ്മാരകങ്ങളിലേക്കും സൗജന്യ പ്രവേശനം

ഓഗസ്റ്റ് 15 വരെ ഇന്ത്യയിലെ എല്ലാ സംരക്ഷിത സ്മാരകങ്ങളിലേക്കും സൗജന്യ പ്രവേശനം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ് (Azadi ka Amrit Mahotsav) ആഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലേക്കും സൗജന്യ പ്രവേശനം അനുവദിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ്, ബുധനാഴ്ച (ഓഗസ്റ്റ് 3, 2022) രാജ്യത്തെ എല്ലാ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങളിലേക്കും കേന്ദ്രങ്ങളിലേക്കുമുള്ള സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 5 മുതല്‍ 15 വരെയായിരിക്കും ഈ ആനുകൂല്യത്തിന് അവസരം ലഭിക്കുക.

പ്രവേശന ടിക്കറ്റ് ഉള്ള രാജ്യത്തെ എല്ലാ കേന്ദ്ര സംരക്ഷിത സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും പുരാവസ്തു കേന്ദ്രങ്ങളിലും ആഭ്യന്തര വിദേശ സന്ദര്‍ശകരില്‍ നിന്ന് ഫീസ് ഈടാക്കില്ല. ”ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും 75-ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെയും ഭാഗമായി സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും രാജ്യത്തെ ടിക്കറ്റുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളിലേക്കും കേന്ദ്രങ്ങളിലേക്കും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.” കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

രാജ്യത്തിന് സ്വാതന്ത്രം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നമ്മുടെ സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രത്തെ ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായിട്ടുള്ള ഒന്നര വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷങ്ങളുടെ പരമ്പരകളാണ് ആസാദി കാ അമൃത് മഹോത്സവ്. 2021 മാര്‍ച്ച് 12-നാണ് ആസാദി കാ അമൃത് മഹോത്സവിന് ഔദ്യോഗികമായ തുടക്കം കുറിച്ചത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിലേക്കുള്ള 75 ആഴ്ച കൗണ്ട്ഡൗണ്‍ കണക്കാക്കിയാരുന്നു ഈ ആഘോഷങ്ങള്‍ ആരംഭിച്ചത്.

‘സ്വാതന്ത്ര്യത്തിന്റെ അമൃത്’ എന്നര്‍ത്ഥത്തിലുള്ള ആസാദി കാ അമൃത് മഹോത്സവത്തിന് അഞ്ച് തീമുകളാണ് ഒരുക്കിയിരിക്കുന്നത്. ഫ്രീഡം സ്ട്രഗിള്‍, ഐഡിയാസ് അറ്റ് 75, റിസോള്‍വ് അറ്റ് 75, ആക്ഷന്‍ അറ്റ് 75, അച്ചീവ്‌മെന്റ്‌സ് അറ്റ് 75 (സ്വാതന്ത്ര്യസമരം, 75ലെ ആശയങ്ങള്‍, 75ലെ നേട്ടങ്ങള്‍, 75ലെ പ്രവര്‍ത്തനങ്ങള്‍, 75ലെ പ്രതിജ്ഞകള്‍) എന്നിവയാണ് ആ അഞ്ച് തീമുകള്‍. ജന പങ്കാളിത്തോടെ 75-ആഴ്ചത്തെ ആഘോഷങ്ങള്‍ക്കൊടുവില്‍ 2023 ഓഗസ്റ്റ് 15-ന് വിപുലമായ ചടങ്ങുകളോടെ ആസാദി കാ അമൃത് മഹോത്സവം സമാപിക്കും.

RELATED ARTICLES

Most Popular

Recent Comments