ഡാറ്റാ സംരക്ഷണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; പുതിയ ബില്‍ അവതരിപ്പിക്കാന്‍ എന്ന് കേന്ദ്ര ഐ.ടി മന്ത്രി

0
66

സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) 81 ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെ ഡാറ്റാ സംരക്ഷണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ബില്ലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം, ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയായിരുന്നു ബില്ലിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവാണ് ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയും ബില്‍ പിന്‍വലിക്കുകയുമായിരുന്നു.

ബില്‍ പിന്‍വലിച്ച് സമഗ്രമായ ഒരു പുതിയ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ ബില്ലിന് വഴിയൊരുക്കുന്ന സമഗ്രമായ നിയമ ചട്ടക്കൂട് തയ്യാറാക്കി വരികയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനായി സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നുണ്ട്.