അതിതീവ്രമഴയുടെ റെഡ് അലർട്ട് സംസ്ഥാനത്തു പൂർണമായി പിൻവലിച്ചു. അതിശക്തമായ മഴ സാധ്യതയിൽ തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് ഓറഞ്ച് അലെർട് പ്രേക്യാപിച്ചത്.
തെക്കൻ ആന്ധ്രപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ, ഞായറാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്.
ചാവക്കാട് ചേറ്റുവ ഹാർബറിനു സമീപം കടലിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി. ബോട്ട് തകർന്നു കടലിൽ അകപ്പെട്ട 2 മത്സ്യത്തൊഴിലാളികളെ തിരയാൻ ഇറങ്ങിയ ഹെലികോപ്റ്ററാണ് കടലിൽ മൂന്നര കിലോമീറ്ററോളം അകലെ ഒഴുകിനടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാബോട്ട് എത്തുമ്പോഴേക്കും മൃതദേഹങ്ങൾ ഒഴുകിപ്പോയി. 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ പിൻവലിച്ചു.