മങ്കി പോക്സ്: ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുന്നു എന്ന് മുഖ്യമന്ത്രി

0
116

കഴിഞ്ഞ ദിവസം തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സാണെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായി പരിശോധന നടത്തും. സ്റ്റേറ്റ് മെഡിക്കൽ ബോർഡിൻറെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എൻഐവി പൂനയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വെസ്റ്റ് ആഫ്രിക്കൻ വകഭേദമാണെന്നാണ് കണ്ടെത്തിയത്. ജനിതക പരിശോധന നടത്തും.

യുഎഇയിൽ നിന്നും ഇദ്ദേഹം 22ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തി. അതിന് ശേഷം വീട്ടിലാണ് ഉണ്ടായിരുന്നത്. 27ന് പുലർച്ചെയാണ് ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായത്. പെട്ടെന്ന് നില ഗുരുതരമാകുകയായിരുന്നു. മങ്കിപോക്സ് പോസിറ്റീവാണെന്ന് 19ന് ദുബായിൽ നടത്തിയ പരിശോധന ഫലം 30നാണ് ബന്ധുക്കൾ ആശുപത്രിയെ അറിയിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പിന്റെ സംഘം ആശുപത്രിയിലെത്തിയിരുന്നു. ആ സമയം ഗുരുതരാവസ്ഥയിലായിരുന്നു.
20 പേരാണ് ഹൈറിസ്‌ക് പ്രാഥമിക സമ്പർക്കപട്ടികയിലുള്ളത്. വീട്ടുകാർ, സഹായി, നാല് സുഹൃത്തുക്കൾ, ഫുട്ബോൾ കളിച്ച 9 പേർ എന്നിവരാണ് ഈ സമ്പർക്കപ്പട്ടികയിലുള്ളത്. വിമാനത്തിൽ 165 പേരാണുണ്ടായിരുന്നത്. അതിലുള്ളവരാരും അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നില്ല. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സംസ്ഥാന ആരോഗ്യ വകുപ്പിൻറെയും എസ്.ഒ.പി.യുടേയും അടിസ്ഥാനത്തിൽ രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം. 21 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ്. ഇതനുസരിച്ച് ഈ 165 പേരും സ്വയം നിരീക്ഷിക്കണം.

എല്ലാ എയർപോർട്ടുകളിലും ഹെൽപ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ്.ഒ.പി. രൂപീകരിച്ച് നേരത്തെതന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ആരും രോഗലക്ഷണങ്ങളുണ്ടെങ്കിൽ മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ലഭ്യമാണ്. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മങ്കിപോക്സ് പരിശോധന സംസ്ഥാനത്ത് തന്നെ ആരംഭിച്ചിട്ടുണ്ട്. മങ്കിപോക്സുമായി ബന്ധപ്പെട്ടു വലിയ ആശങ്ക വേണ്ട. എന്നാൽ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.