ഭൂമി കുംഭകോണ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിലെടുത്തു. രാവിലെ ഏഴുമണിയോടെ ബാൻഡുപ്പിലെ സഞ്ജയ് റാവത്തിൻ്റെ മൈത്രി ബംഗ്ലാവിൽ സിആർപിഎഫ് സുരക്ഷയോടെ എത്തിയ ഇഡി സംഘം റെയ്ഡ് ആരംഭിച്ചു. അതിനു ശേഷമായിരുന്നു ഇഡിയുടെ നീക്കം.
പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി സംഘം സഞ്ജയ് റാവത്തിൻ്റെ കസ്റ്റഡിയിൽ എടുത്തത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിനു റാവത്ത് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. പിന്നീട് രണ്ടു തവണ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും പാർലമെൻ്റ് സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് റാവത്ത് അറിയിക്കുകയായിരുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണം സഞ്ജയ് റാവത്ത് തള്ളി. തനിക്ക് അഴിമതിയുമായി ബന്ധമില്ലെന്ന് ശിവസേന സ്ഥാപകൻ ബാലസാഹേബ് താക്കറെയെക്കൊണ്ട് സത്യം ചെയ്യുന്നുവെന്ന് റാവത്ത് ട്വീറ്റ് ചെയ്തു. മരിച്ചാലും കീഴടങ്ങില്ലെന്നും ശിവസേന വിടില്ലെന്നും അദ്ദേഹം കുറിച്ചു. സഞ്ജയ് റാവത്തിനു പിന്തുണയുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. റാവത്തിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് പറഞ്ഞ താക്കറെ, ഇഡി നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചു.