തിരുവനന്തപുരത്തുനിന്ന് എംഡിഎംഎ പിടിച്ചെടുത്തു

0
142

തിരുവനന്തപുരം ആക്കുളത്ത് എംഡിഎംഎ യുമായി യുവതി ഉള്‍പ്പടെ നാലുപേരാണ് പിടിയിലായത്. കണ്ണൂർ സ്വദേശി അഷ്കർ, ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് , കടയ്ക്കാവൂർ സ്വദേശിനി സീന എന്നിവരാണ് അറസ്റ്റിലായത്. കുടുംബമെന്ന് വ്യാജേന വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വിൽപന നടത്തുകയായിരുന്നു ഇവർ.

ഒന്നാം പ്രതിയായ അഷ്കർ ഇന്നലെ ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ യുമായി വരുന്ന വിവരമറിഞ്ഞ പൊലീസ് നടത്തിയ തിരച്ചിലിലാണ് സംഘത്തെ വലയിലാക്കിയത്. ഇവരിൽ നിന്ന് 74 ഗ്രാം എംഡിഎംഎ യെ പിടികൂടി. ഇന്ന് രാവിലെ 11 മണിക്ക് ഇവർ താമസിക്കുന്ന ആക്കുളത്തെ വാടക വീട്ടിൽ നടത്തിയ റെയ്ഡിലാണ് നാലു പ്രതികളും പിടിയിലായത്.

അഷ്കർ എംഡിഎംഎ കടത്തി കച്ചവടം നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. മുൻപും ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അഷ്കർ സ്വന്തം ഭാര്യക്ക് ഒപ്പമാണ് വീട് വാടകയ്ക്കെടുത്തതെങ്കിലും അവര്‍ക്ക് ലഹരിമരുന്ന് കച്ചവടം അറിയില്ലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍ പിടിയാലായ കടയ്്ക്കാവൂര്‍ സ്വദേശി സീന ലഹരികടത്ത് സംഘത്തിലെ കണ്ണിയാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.