മൊറയൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; സ്ത്രീയുള്‍പ്പെടെ മൂന്നം സംഘം പിടിയില്‍

0
119

മൊറയൂരില്‍ മയക്കുമരുന്ന് ശേഖരവുമായി സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘം എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. മൊറയൂര്‍ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല (26), കൊണ്ടോട്ടി കീരങ്ങാട്ടുപുറായ് അബ്ദുറഹ്‌മാന്‍ (56), ഭാര്യ സീനത്ത് എന്നിവരാണ് അറസ്റ്റിലായത്. 75 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

ഉത്തരമേഖല എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും മലപ്പുറം എന്‍ഫോസ്മെന്റ് സ്‌ക്വാഡും മലപ്പുറം എക്‌സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വിൽപന നടത്തുന്ന സംഘമാണിതെന്ന് സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് പറഞ്ഞു.

കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് പുതുതലമുറ മയക്കുമരുന്നുകളും ഇവര്‍ വന്‍തോതില്‍ വിൽപന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഉബൈദുല്ലയുടെ സ്കൂട്ടറിൽനിന്നും അബ്ദുറഹിമാന്റെ വീട്ടിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.