മങ്കിപോക്സ്: കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ വേണം; ജാഗ്രത നിർദേശങ്ങൾ

0
87

സംസ്ഥാനത്ത് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ കൂടുതലായി ശ്രദ്ധിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. മങ്കിപോക്സ് അണുബാധയുടെ സാധ്യത കുട്ടികളിൽ അപൂർവമാണെങ്കിലും തീവ്രത കൂടാൻ സാധ്യതയേറെയാണ്. അതുകൊണ്ടു തന്നെ മങ്കിപോക്സിനെതിരെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ മാതാപിതാക്കാൾ ശ്രദ്ധിക്കണം. കുട്ടിയുടെ ശരീരത്തിലെ ഏത് മാറ്റവും നിരീക്ഷിക്കുകയും അസാധാരണമായ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണുകയും ചെയ്യണം. മിതമായതും ഉയർന്നതുമായ പനി,തിണർപ്പ്, ശരീരവേദന എന്നിവയാണ് കുട്ടികളിൽ മങ്കിപോക്സിന്റെ ഏറ്റവും സാധാരണമായ ആദ്യ ലക്ഷണങ്ങളെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മങ്കിപോക്സ് അണുബാധ ബാധിച്ചാൽ തുടക്കത്തിൽ ചർമ്മത്തിൽ തിണർപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങും. തിണർപ്പ് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. തിണർപ്പ് കൂടുതലും ദ്രാവകം നിറഞ്ഞതായിരിക്കാമെന്നും ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. മങ്കിപോക്സ് വൈറസ് ബാധിച്ച കുട്ടികളിലെ പനി മുതിർന്നവരേക്കാൾ താരതമ്യേന കൂടുതലാണ്. ഇത് 101 F മുതൽ 102 F അല്ലെങ്കിൽ താപനില അതിലും കൂടാം. രോഗം പകരാതിരിക്കാനുള്ള മുൻകരുതലാണ് പ്രധാനമായും സ്വീകരിക്കേണ്ടത്. കൈ ശുചിത്വം ആണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. നിങ്ങളുടെ കുട്ടികൾ സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് 20 സെക്കൻഡ് നേരം കൈ കഴുകുന്നത് ഉറപ്പാക്കുക. മാംസം നന്നായി വേവിക്കുക. ചുണങ്ങോ പനിയോ ഉള്ള ഒരു വ്യക്തിയുമായി സമ്പർക്കം ഒഴിവാക്കുക. രോഗിയുടെ ഏതെങ്കിലും ദ്രാവകവുമായോ വസ്തുക്കളുമായോ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാം.

ആഫ്രിക്കയിൽ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന മങ്കിപോക്സ് കേസുകളിൽ വൻ വർധനവുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ 77% ആണ് വർധന. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങൾ കാണിച്ചേക്കും. 21 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ മങ്കി പോക്സ് ആദ്യമായി കണ്ടെത്തിയത്.