അഭയമില്ല: ഗോതബയയും ബേസിലും ശ്രീലങ്കയില്‍ത്തന്നെ

0
49

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയും മുന്‍ ധന മന്ത്രിയും ഗോതബയയുടെ ഇളയസഹോദരനായ ബേസില്‍ രാജപക്സെയും രാജ്യം വിടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഗോതബയയുടെ വിസാ അപേക്ഷ അമേരിക്ക നിരസിച്ചു.
ഇരട്ടപൗരത്വമുണ്ടായിരുന്ന ഗോതബയ 2019 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് അമേരിക്കന്‍ പൗരത്വം റദ്ദാക്കിയത്. വിദേശപൗരത്വമുള്ളവര്‍ക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ശ്രീലങ്കയില്‍ വിലക്കുണ്ട്. എന്നാല്‍ യുഎസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ചതിന് ശേഷം ഗള്‍ഫ് രാജ്യത്തേക്ക് കടക്കാന്‍ ഗോതബയ തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗോതബയയും ഭാര്യയും പ്രധാന വിമാനത്താവളമായ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക കേന്ദ്രത്തില്‍ അഭയം തേടിയിരിക്കുകയാണ്. ഗള്‍ഫിലേക്കുള്ള നാല് വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഗോതബയയ്ക്ക് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമല്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ട് ജനങ്ങള്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ഇതോടെ ഉന്നതാധികാരം കയ്യാളിയിരുന്ന രാജപക്സെ കുടുംബാംഗങ്ങളും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും ഉള്‍പ്പെടെ ഒളിവില്‍ പോയി. ഇവരുടെ ഔദ്യോഗിക വസതിയുള്‍പ്പെടെ പ്രക്ഷോഭകര്‍ കീഴടക്കി.
സുഗമമായ ഭരണകൈമാറ്റത്തിനായി ഇന്ന് രാജിവയ്ക്കുമെന്നാണ് ഗോതബയ പ്രഖ്യാപിച്ചിരുന്നത്.

എമിഗ്രേഷന്‍ പേപ്പറുകളില്‍ ഒപ്പുവയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചതോടെയാണ് യുഎസ്, ശ്രീലങ്കന്‍ പൗരത്വമുള്ള ബേസില്‍ രാജപക്സെയുടെ രാജ്യം വിടാനുള്ള ശ്രമം പരാജയപ്പെട്ടത്.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം രണ്ട് തവണ പ്രസിഡന്റും ഒരു തവണ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെയും ബേസില്‍ രാജപക്സെയുമാണെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ ഇരുവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരം നടപടികള്‍ രാജപക്സെ കുടുംബാംഗങ്ങള്‍ക്ക് രാജ്യം വിടാനുള്ള ശ്രമം കൂടുതല്‍ ദുഷ്കരമാക്കി.