സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന; 178 സ്വകാര്യ ബസുകളില്‍ നിയമ ലംഘനം

0
84

സംസ്ഥാനത്ത് സ്വകാര്യ ബസുകളിൽ മോട്ടോര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വ്യാപക നിയമ ലംഘനം കണ്ടെത്തി. രാവിലെ പതിനൊന്നു മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയുള്ള ചെറിയ സമയത്തിനുള്ളില്‍ മാത്രം 178 സ്വകാര്യ ബസുകളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. 420 ബസുകള്‍ പരിശോധിച്ചതിലാണ് ഇത്രയും ബസുകളില്‍ നിയമ ലംഘനം കണ്ടെത്തി കേസെടുത്തത്.

പൊലീസും മോട്ടാര്‍ വാഹന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. കൊല്ലത്ത് ടൂറിസ്റ്റ് ബസിനു മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിനെ തുടര്‍ന്നാണ് ടൂറിസ്റ്റു ബസുകള്‍ക്കൊപ്പം സ്വകാര്യ ബസുകളിലും പരിശോധന കര്‍ശനമാക്കാൻ മോട്ടാര്‍ വാഹന വകുപ്പും പൊലീസും തീരുമാനിച്ചത്. ഇത്തരം നിയമലംഘനങ്ങൾ തുടർച്ചയാകുന്നതിന്‍റെ കാരണം വിശദീകരിക്കാൻ സർക്കാരിനോട് ഹൈക്കോടതി  സിംഗിൾ ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പരിശോധനയില്‍ മിക്ക ബസുകളിലും നിരോധിത എയര്‍ ഹോണുകളുള്ളത് കണ്ടെത്തി. പിടിക്കപെടാതിരിക്കാൻ പ്രത്യേക സ്വിച്ച് ഉപയോഗിച്ചാണ് പല ബസുകളിലും എയര്‍ഹോൺ ഉപയോഗിക്കുന്നത്. കൂടാതെ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടു വെക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ചില ബസുകളില്‍ സ്പീ‍ഡ് ഗവര്‍ണര്‍ ഒഴിവാക്കിയതും പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. വീഡിയോ പരസ്യം കാണിക്കുന്നതിനായി ചില   ബസുകളില്‍ ടെലിവിഷൻ സ്ഥാപിച്ചതും അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

വാതിലുകളടക്കാതെ സര്‍വീസ് നടത്തിയതിനും അമിത വേഗത്തിനും അശാസ്ത്രീയ ഓവര്‍ടേക്കിംഗിനുമെല്ലാം സ്വകാര്യ ബസുകള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ നിയമ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാൻ തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റേയും പൊലീസിന്‍റേയും തീരുമാനം.