Thursday
18 December 2025
23.8 C
Kerala
HomeKeralaആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു; പ്രതിപക്ഷ നേതാവ്‌ ഇത്രയും നിലവാരം കുറഞ്ഞ പ്രതികരണം നടത്തരുത്‌: മന്ത്രി പി...

ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു; പ്രതിപക്ഷ നേതാവ്‌ ഇത്രയും നിലവാരം കുറഞ്ഞ പ്രതികരണം നടത്തരുത്‌: മന്ത്രി പി രാജീവ്‌

പ്രതിപക്ഷ നേതാവിനെപ്പോലെ ഒരാളിൽനിന്ന്‌ ഇത്രയും നിലവാരം കുറഞ്ഞ പ്രതികരണങ്ങളല്ല പൊതുസമൂഹം പ്രതീക്ഷിക്കുന്നതെന്ന്‌ മന്ത്രി പി രാജീവ്‌. അത്‌ഭുതപ്പെടുത്തുന്ന പ്രതികരണമാണ്‌ അദ്ദേഹത്തിൽനിന്ന്‌ ഉണ്ടായത്‌. ഹിന്ദു ഐക്യവേദി നേതാവ് തന്റെ വീട്ടിലേയും ഓഫീസിലേയും സ്ഥിരം സന്ദർശകനാണെന്ന് പറഞ്ഞ വി ഡി സതീശനെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുത്തതിനുള്ള പ്രതികരണമാണ്‌ അദ്ദേഹത്തിൽനിന്ന്‌ ഉണ്ടാകേണ്ടിയിരുന്നത്‌. എന്നാൽ ഈ നിമിഷംവരെ അത്‌ നിഷേധിക്കാൻ തയ്യാറായിട്ടില്ല. പകരം വ്യക്തിപരമായ പ്രതികരണമാണ്‌ പ്രതിപക്ഷ നേതാവ്‌ നടത്തുന്നത്‌. ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രശ്‌നങ്ങളെ പക്വതയോടെ കാണണം. നിലവാരത്തോടെ പ്രതികരിക്കണം. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് മത്സരം വ്യക്തികളുടേതായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ വ്യക്തിപരമായ മത്സരമായാണ് അതിനെ കണ്ടതെന്ന് തോന്നുന്നു. അങ്ങിനെയാണോ കോൺഗ്രസിന്റെ ഒരു നേതാവ് പ്രതികരിക്കേണ്ടത്?.

ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുത്ത്‌ ഗോൾവാൾക്കറുടെ ചിത്രത്തിന്‌ മുന്നിൽ തിരികൊളുത്തിയിട്ടില്ല എന്ന്‌ ഇതുവരെ പ്രതിപക്ഷ നേതാവ്‌ പറഞ്ഞിട്ടില്ല. അല്ലെങ്കിൽ ആ വേദിയിൽ വി എസ്‌ ചെയ്‌തപോലൊരു പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ അത്‌ പുറത്തുവിട്ടുകൊണ്ടായിരിക്കണം ഞാൻ നടത്തിയ പത്രസമ്മേളനത്തിനോടുള്ള പ്രതികരണം. എന്നാൽ അതിനോടൊന്നും പ്രതികരിക്കാതെ മന്ത്രിയുടെ ഓഫീസിൽ നിന്ന്‌ പറഞ്ഞിട്ടാണ്‌ ഹിന്ദു ഐക്യവേദി നേതാവ്‌ പത്രസമ്മേളനം വിളിക്കുന്നത്‌ എന്നാണ്‌ അദ്ദേഹം പറയുന്നത്‌. അത്‌ തെളിയിക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്‌. എന്റെ ഓഫീസിലോ, വീട്ടിലോ ആർ വി ബാബു വന്നുവെന്ന്‌ തെളിയിക്കാനാകുമോ എന്നും മന്ത്രി ചോദിച്ചു.

ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്റെ സ്ഥിരം സന്ദർശകനാണെന്നും, മന്ത്രിയുടെ നിർദേശപ്രകാരമാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. തൃശൂര്‍ ആര്‍എസ്‌എസ്‌ പരിപാടിയിലെ പ്രസംഗം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുറത്തുവിടണമെന്ന് മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞിരുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുകയാണ് സതീശന്‍ ചെയ്‌തത്. ഇതിൽ പ്രകോപിതനായാണ്‌ ഇന്ന്‌ സതീശൻ മന്ത്രിക്കെതിരെ ആരോപണവുമായി എത്തിയത്‌.

RELATED ARTICLES

Most Popular

Recent Comments