Saturday
10 January 2026
31.8 C
Kerala
HomeKeralaപാലക്കാട് പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അന്വേഷിണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച്...

പാലക്കാട് പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അന്വേഷിണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചാണ് വിശദമായ അന്വേഷണം നടത്തുക. പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് ഇന്ന് മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽ വീട്ടിലെ വളർത്ത് നായ കടിച്ചത്. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ച് തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. പേവിഷ ബാധയുടെ നാല് വാക്സിനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് ചില ലക്ഷണങ്ങൾ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും പരിശോധനകളിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു.

ശ്രീലക്ഷ്മിയെ നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉടമ തടയാൻ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല. അപൂര്‍വ്വമായി ചില ആളുകളിൽ വാക്സീൻ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ആരോഗ്യവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments