ഗൂഗിള്‍ ഹാങ്ഔട്ട്‌സ് ഇനിയില്ല, പകരം ഗൂഗിള്‍ ചാറ്റ്; മെസേജുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

0
73

ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ഇന്‍സ്റ്റന്റ് മെസേജിംഗും ചാറ്റും പ്രചാരം നേടിവരുന്ന ഘട്ടത്തില്‍ പലരുടേയും ഹൃദയം കവര്‍ന്ന ഗൂഗിള്‍ സേവനമാണ് ഹാങ്ഔട്ട്‌സ്. നവംബര്‍ മാസത്തോടെ ഹാങ്ഔട്ട്‌സ് രൂപം മാറി ഗൂഗിള്‍ ചാറ്റായി മാറുമെന്ന് കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. നിങ്ങളുടെ ഗൃഹാതുരതയുടെ ഭാഗമായ മെസേജുകളും മറ്റ് വിവരങ്ങളും നഷ്ടപ്പെടാതെ ഗൂഗിള്‍ ചാറ്റിലേക്ക് സ്വിച്ച് ചെയ്യുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ മറക്കാതിരിക്കാം.

ഹാങ്ഔട്ട്‌സ് ഡാറ്റയുടെ പകര്‍പ്പ് സൂക്ഷിക്കാന്‍ ഗൂഗിള്‍ ടൈക്ക്ഔട്ട് സേവനം ഉപയോഗിക്കണമെന്നാണ് ഗൂഗിള്‍ ചാറ്റ് പ്രോഡക്ട് മാനേജര്‍ രവി കണ്ണേഗണ്ടി അറിയിച്ചിരിക്കുന്നത്. ഗൂഗിള്‍ ടേക്ക്ഔട്ട് എന്ന് തിരഞ്ഞ് ടാബ് ഓപ്പണായ ശേഷം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ ഗൂഗിള്‍ ഹാങ്ഔട്ട്‌സിനായി ഉപയോഗിച്ച അതേ അക്കൗണ്ട് തന്നെയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

താഴെ വരുന്ന നീണ്ട ലിസ്റ്റില്‍ നിന്നും ഗൂഗിള്‍ ഹാങ്ഔട്ട്‌സ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ബാക്കിയെല്ലാ സേവനങ്ങളും ഡിസെലക്ട് ചെയ്‌തെന്ന് ഉറപ്പുവരുത്തുക. തുടര്‍ന്ന് Next എന്ന് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറന്നുവരുന്ന ലിസ്റ്റില്‍ നിന്നും Delivery Methord സെലക്ട് ചെയ്ത് ഏത് ഇടവേളയിലുള്ള ബാക് അപ്പാണ് ആവശ്യമെന്ന് നല്‍കുക. ഗൂഗിള്‍ നിര്‍ദേശിക്കുന്നത് വണ്‍ ടൈം ഡൗണ്‍ലോഡാണ്. തുടര്‍ന്ന് സൗകര്യപ്രദമായ ഫയല്‍ടൈപ്പ് നല്‍കി Export എന്ന് നല്‍കുന്നതോടെ ഹാങ്ഔട്ട്‌സ് ഡാറ്റയുടെ കോപ്പി നിങ്ങളുടെ പക്കലെത്തുന്നു. എല്ലാ ഡാറ്റയും ചാറ്റുകളും വീണ്ടെടുക്കാന്‍ നവംബര്‍ മാസം വരെ മാത്രമേ സാധിക്കൂ. ഇത് പ്രത്യേകം ശ്രദ്ധിക്കണം.