സ്വപ്‌ന പറയുന്നത് കേട്ട് ഭരിക്കാനാകില്ല, മാത്യു കുഴല്‍നാടന്‍ നിലവാരമില്ലാത്ത ആളെന്ന് ഇ പി ജയരാജന്‍

0
102

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പറയുന്നത് കേട്ട് സര്‍ക്കാരിന്‌ ഭരിക്കാനാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. നിലവാരമില്ലാത്ത കാര്യങ്ങളാണ് സ്വപ്‌ന പറയുന്നത്. ആരെങ്കിലും പറയുന്നതിന് പിന്നാലെ നടക്കലല്ല രാഷ്ട്രീയം. ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അവര്‍ പറയുന്നത് കേട്ട് ഭരിക്കാനാണോ ഇവിടെ നില്‍ക്കുന്നത്? എത്ര നിലവാരമില്ലാത്ത അഭിപ്രായങ്ങളാണ് പറയുന്നത്. ഇത് രാഷ്ട്രീയമാണ്. ഉയര്‍ന്ന രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാന്‍ പറ്റൂ. ഏതെങ്കിലും ആരെങ്കിലും പറയുന്നത് കേട്ട് അതിന്റെ പിന്നാലെ നടക്കലല്ല ശരിയായ രാഷ്ട്രീയം. എന്ത് കുഴല്‍നാടന്‍, എവിടെനിന്നെങ്കിലും എന്തെങ്കിലും കേട്ട് വന്ന് പറയുന്ന, നിലവാരമില്ലാത്ത ഒരാള്‍. പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ നടപടി എടുക്കണം എന്നും അദേഹം പറഞ്ഞു.

ശരിയായ നിലപാട് മാത്രമേ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളൂ. അദ്ദേഹം കൃതൃമമായി ഉണ്ടാക്കിയതാണെന്ന് ഇന്ന് വാര്‍ത്ത വന്നില്ലേ. പണ്ട് തലവെട്ടിയിട്ടില്ലേ. എന്റെ ഭാര്യയുടെ പടം തലവെട്ടിയിട്ട് സ്വപ്‌ന സുരേഷിന്റെ തലവെച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിട്ടില്ലേ. ഇവരൊക്കെ അല്ലേ ചെയ്തത്. എന്തും ചെയ്യുക, ഏത് വൃത്തികേടും ചെയ്യുക സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ പ്രതിയായി അകത്ത് കിടന്ന് 20 പ്രാവശ്യം സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തി എന്ന് പറഞ്ഞൊരു സ്ത്രീ പുറത്ത് വരുമ്പോള്‍ പൂമാലയുമായിട്ട്, ആര്‍എസ്എസ് ക്യാമ്പില്‍ നിന്നല്ലേ വരുന്നത്. ആര്‍എസ്എസിന്റെ കേന്ദ്രത്തില്‍ നിന്ന് പരിശീലിച്ചിട്ടല്ലേ വരുന്നത്, പൂമാലയിട്ട് സ്വീകരിക്കാന്‍ യുഡിഎഫ്. ഇവര്‍ രണ്ട് പേരും കൂടി ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഈ കള്ളത്തരം, വൃത്തികെട്ട രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.