പാര്‍ലമെന്റ് അംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എംപിക്ക് ഡോക്ടറേറ്റ്

0
69

രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസിന് ഡോക്ടറേറ്റ്. ഡൽഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യാണ് ഇന്ത്യന്‍ അച്ചടി മാധ്യമ രംഗത്തെ ആഗോളീകരണ സ്വാധീനം’ എന്ന വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിന് ഡോക്ടറേറ്റ് നല്‍കിയത്. ജെഎന്‍യുവില്‍ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ മുന്‍പ് എംഫില്‍ ഗവേഷണ വിദ്യാര്‍ത്ഥി ആയിരുന്നു ജോണ്‍ ബ്രിട്ടാസ്. അന്ന് ഗവേഷണം പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ഗൈഡിന്റെ നിര്യാണം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പ്രബന്ധം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

രാജ്യസഭാംഗമായി ഡൽഹിയില്‍ തിരിച്ചെത്തിയ ശേഷമാണ് പ്രബന്ധം പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഇന്നാണ് ജോണ്‍ബ്രിട്ടാസ് എംപിക്ക് ഡോക്ടറേറ്റ് നല്‍കിക്കൊണ്ടുള്ള ജെഎന്‍യുവിന്റെ വിജ്ഞാപനം പുറത്ത് വന്നത്. ഡോക്ടര്‍ കിരണ്‍ സക്‌സേന, ഡോക്ടര്‍ വി ബിജുകുമാര്‍ എന്നിവരുടെ കീഴിലായിരുന്നു ഗവേഷണം. തൊണ്ണൂറുകളിലാരംഭിച്ച ആഗോളവത്കരണം ഇന്ത്യന്‍ അച്ചടി മാധ്യങ്ങളുടെ സ്വഭാവത്തില്‍ വരുത്തിയ മാറ്റത്തിന്റെ സ്വാധീന ഫലങ്ങളെ കുറിച്ചുള്ളതാണ് ഗവേഷണം.

കണ്ണൂര്‍ സ്വദേശിയായ ജോണ്‍ ബ്രിട്ടാസ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂര്‍ കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും തൃശ്ശര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. ദേശാഭിമാനിയിലായിരുന്നു മാധ്യമജീവിതത്തിന്റെ തുടക്കം. ഇറാക്ക്-അമേരിക്ക യുദ്ധക്കാലത്ത് ബാഗ്ദാദിൽ നിന്നും റിപ്പോർട്ട് ചെയ്തത് ശ്രദ്ധേയമായ മാധ്യമ ചുവടുവയ്പ്പായിരുന്നു. യുദ്ധപശ്ചാത്തലത്തിൽ ബാഗ്ദാദിന്റെ മണ്ണിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ മാധ്യമപ്രവർത്തകൻ എന്ന പദവിയും ജോൺ ബ്രിട്ടാസിനുള്ളതാണ്.