ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

0
95

കൊല്ലം: സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം ഏരൂര്‍ സ്വദേശിയായ വിജി എന്ന് വിളിക്കുന്ന രാജേഷ് ആണ് അറസ്റ്റിലായത്. രണ്ടുമാസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയത്.

അഞ്ചലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന യുവതി സന്ധ്യ സമയത്ത് തിരികെ വീട്ടിലേക്ക് മടങ്ങി വരും വഴിയാണ് സംഭവം. പാടവരമ്പത്തിരുന്ന രാജേഷ് യുവതിയെ ബലമായി കടന്നുപിടിക്കുകയും തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ ഇരുചക്ര വാഹനത്തില്‍ കയറി രാജേഷ് രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീട് ഇയാള്‍ കോഴഞ്ചേരിയില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. പിന്നാലെ അവിടെയെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യ പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച അജികുമാര്‍ എന്ന ആളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാപ്പാ ചുമത്തി ജയിലില്‍ കഴിഞ്ഞിട്ടുള്ള രാജേഷ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.