കൂടത്തായി കൂട്ടക്കൊല കേസ്: ‘വനിതാ ജയിലില്‍ തുടരാം’ ജയിൽ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു

0
57

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു.

കണ്ണൂർ വനിതാ ജയിലിൽ തുടരാമെന്നും പരിയാരം മെഡിക്കൽ കോളജിലെ ചികിത്സ മതിയെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു. കോഴിക്കോട് വനിതാ ജയിലിന്റെ മതിൽ അപകടാവസ്ഥയിലായതിനാൽ ജോളി ഉൾപ്പടെ ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു. ജോളിയെ കണ്ണൂർ വനിതാ ജയിലിലേക്കാണ് മാറ്റിയത്.

എന്നാൽ ചികിത്സാവശ്യാർഥം തിരികെ കോഴിക്കോട്ടേക്ക് മാറ്റണമെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സിക്കണം എന്നുമായിരുന്നു ജോളി നേരത്തെ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. കോടതിയിൽ സമർപ്പിച്ച ജോളിയുടെ ചികിത്സ രേഖകൾ തിരികെ വേണമെന്ന ആവശ്യം കോടതി ജൂലൈ 12ന് പരിഗണിക്കും.