തിരുവനന്തപുരം: രാഷ്‌ട്രീയ പാർട്ടി ഓഫീസ് ആക്രമിക്കുന്നത് യുഡിഎഫിന്റെ ശീലമാണെന്ന് കെ കെ ശൈലജ ടീച്ചർ. 1983ൽ കോൺഗ്രസുകാർ എ കെ ജി സെന്റർ ആക്രമിച്ചു. എ കെ ജിയുടെ പ്രതിമ തള്ളിയിട്ടു തകർത്തു. 1991ൽ കോൺഗ്രസ് ഭരണത്തണലിൽ എ കെ ജി സെന്ററിനുനേരെ വെടിവച്ചു. 1987ൽ ചീമേനിയിൽ അഞ്ച് സിപിഐ എം പ്രവർത്തകരെ ഓഫീസിൽ കയറി ചുട്ടുകൊന്നു.
എന്നിട്ട് അപലപിക്കപ്പെട്ട ഒരു അതിക്രമത്തിന്റെ പേരിൽ ഇപ്പോൾ വലിയ ജനാധിപത്യവിശ്വാസം വിളമ്പുന്നു. ധനാഭ്യർഥന ചർച്ചയ്‌ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ശൈലജ. വയനാട്ടിലെ എംപി ഓഫീസിലെ ഗാന്ധിജിയുടെ ചില്ലിട്ട ചിത്രം എറിഞ്ഞുതകർക്കാൻ കോൺഗ്രസുകാർക്ക് ഒരു മടിയുമുണ്ടായില്ല. എന്നിട്ട് അത് എസ്‌എഫ്‌ഐക്കാരുടെ തലയിൽ വച്ചുകൊടുക്കാൻ ശ്രമിക്കുന്നു. എസ്‌എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറിയതിനെ സിപിഐ എം ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമടക്കം എൽഡിഎഫ് നേതാക്കളെല്ലാം തള്ളിപ്പറഞ്ഞു. അതൊരു രാഷ്‌ട്രീയ മര്യാദയാണ്.
ഈ രാഷ്‌ട്രീയ മര്യാദയുടെ നാലയലത്ത് വരാൻ യുഡിഎഫിന് സാധിക്കില്ല. കഴിയുമായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചതിനെ യുഡിഎഫ് നേതാക്കൾ തള്ളിപ്പറഞ്ഞേനെ. അവർ അക്രമികളെ പൂമാലയിട്ട് സ്വീകരിച്ചു. ഇത് ജനങ്ങൾ കാണുന്നുണ്ട്. തൃക്കാക്കര വിജയത്തിൽ എല്ലാമായെന്ന അഹങ്കാരം പ്രതിപക്ഷ നേതാവ് അടക്കം യുഡിഎഫ് നേതാക്കളും കാട്ടുന്നു. ഇതിന്റെ കോപ്രായങ്ങൾ ജനങ്ങൾ അനുഭവിക്കേണ്ടിവരികയാണെന്നും ശൈലജ പറഞ്ഞു.