ഉദയ്‌പൂരിലേത്‌ മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം : മുഖ്യമന്ത്രി

0
66

തിരുവനന്തപുരം: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരിൽ അരങ്ങേറിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരിൽ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓർമ്മപ്പെടുത്തുന്നു. നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിൻ്റെ വളർച്ചയാണെന്ന താക്കീതു വീണ്ടും നൽകുന്നു.

ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാർത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു.ഏതു മതത്തിൻ്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം.

മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകൾ ഈ സംഭവത്തെ അപലപിച്ചും വർഗീയതയെ വെല്ലുവിളിച്ചും സ്വരമുയർത്തണം. നാടിനെ വർഗീയശക്തികൾക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.