‘സത്യം ജയിക്കും, മൗനമാണ് ഏറ്റവും നല്ല മറുപടി’; എന്ത് സ൦ഭവിച്ചാലു൦ പ്രകോപിതനാകില്ലെന്നും വിജയ് ബാബു

0
52

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു. മൗനമാണ് ഏറ്റവും നല്ല മറുപടി എന്നെഴുതിയ ചിത്രത്തോടൊപ്പം വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. എന്ത് സ൦ഭവിച്ചാലു൦ പ്രകോപിതനാകില്ലെന്ന് വിജയ് ബാബു പറയുന്നു. അന്വേഷണ സംഘത്തോട് നൂറ് ശതമാനം സഹകരിക്കുമെന്നും കോടതി നി൪ദ്ദേശമുള്ളതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘‘എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.’’

ബലാത്സംഗക്കേസിൽ വിജയ് ബാബുവിന്‍റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നടപടി. സംഭവം നടന്ന ഫ്ലാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ സ്റ്റേഷൻ ജാമ്യം അനുവദിച്ചെങ്കിലും വരുന്ന ആറ് ദിവസവും വിജയ് ബാബു പൊലീസ് നടപടികൾക്ക് വിധേയനാകണം. അതേസമയം, കേസിൽ വിജയ് ബാബു കുറ്റക്കാരനെന്ന് ബോദ്ധ്യപ്പെട്ടതായി കൊച്ചി പൊലീസ് പ്രതികരിച്ചു.