കോവിഡ് മഹാമാരി സ്‌കൂളുകളുടെ നിലവാരം തകര്‍ത്തിട്ടില്ല; കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ മുന്നില്‍

0
118

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സ്‌കൂളുകളുടെ നിലവാരം തകര്‍ത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രകടനനിലവാര സൂചിക (പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സ് -പി.ജി.ഐ.).
ക്ലാസ് മുറികളിലെ കാര്യക്ഷമമായ സംവാദം, അടിസ്ഥാനസൗകര്യം, സ്‌കൂളുകളിലെ സുരക്ഷിതത്വം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയവ മാനദണ്ഡമാക്കി രാജ്യത്തെ സ്‌കൂളുകളുടെ പ്രകടനം ജില്ലാ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന സൂചികയാണിത്. 2018-’19, 2019-’20 വര്‍ഷങ്ങളിലെ കണക്ക് ഒന്നിച്ചാണ് ഇത്തവണയിറക്കിയത്. 725 ജില്ലകളിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ മാനദണ്ഡമാക്കിയാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്.
സ്‌കൂളുകളുടെ പ്രകടനം വിലയിരുത്തി പൊതുവിദ്യാഭ്യാസരംഗത്തെ ഉന്നമനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് പി.ജി.ഐ.യിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. കോവിഡ് തരംഗം വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റത്തിന് വഴിവെച്ചതായി റിപ്പോര്‍ട്ടിലുണ്ട്. രണ്ടുവര്‍ഷം കൊണ്ട് ഭൂരിഭാഗം സ്‌കൂളുകളും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്കു ചുവടുവെച്ചത് വിദ്യാഭ്യാസരംഗത്ത് മാറ്റമുണ്ടാക്കി.
2018-’19നെ അപേക്ഷിച്ച് 2019-’20 രാജ്യത്തെ എട്ടു ജില്ലകള്‍ സൂചികയില്‍ 20 ശതമാനം മെച്ചപ്പെട്ടു. 14 ജില്ലകള്‍ പത്തുശതമാനത്തിന്റെയും 423 എണ്ണം പത്തില്‍ കുറവു ശതമാനത്തിന്റെയും മെച്ചം കാണിച്ചു. ആകെ 600 മാര്‍ക്കിലാണ് നിലവാരമളന്നത്.
കേരളമുള്‍പ്പെടെ ഏഴു സംസ്ഥാനങ്ങള്‍ മുന്നില്‍
കേരളം, ബിഹാര്‍, ചണ്ഡീഗഢ്, ഗുജറാത്ത്, കര്‍ണാടകം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2018-’19, 2019-’20 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാനൂറിലേറെ പോയന്റ് നേടി മികവു നിലനിര്‍ത്തി. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, സിക്കിം, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ മുന്നൂറിലേറെ പോയന്റുകള്‍ നേടി. മണിപ്പുര്‍, ജമ്മുകശ്മീര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ജില്ലകള്‍ക്ക് 200 പോയന്റ് ലഭിച്ചു. ഡല്‍ഹി, അന്തമാന്‍ നിക്കോബാര്‍, ദാദ്ര നഗര്‍ ഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ നാനൂറിനു മുകളില്‍ പോയന്റ് നേടിയപ്പോള്‍ ഗോവയ്ക്ക് മുന്നൂറിനു താഴെ പോയന്റാണു ലഭിച്ചത്.
2018-’19ലെ സൂചിക പ്രകാരം കേരളത്തില്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ സ്‌കൂളുകളുകളാണ് മികവില്‍ ഏറ്റവും മുന്നില്‍. തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കാസര്‍കോട്, കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നിവയാണ് യഥാക്രമം മറ്റു സ്ഥാനങ്ങളില്‍. 2019-’20-ലെ സൂചിക പ്രകാരം തിരുവനന്തപുരമാണു മുന്നില്‍. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.