കെ.ബി ഗണേഷ് ഗുരുതര ആരോപണവുമായി ഷമ്മി തിലകന്‍

0
89

കൊച്ചി: കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി തിലകന്‍. അമ്മയുടെ ഫണ്ട് ഉപയോഗിച്ച്‌ ഗണേഷ് കുമാര്‍ പത്തനാപുരം മണ്ഡലത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കി.മണ്ഡലത്തില്‍ വികസനം നടത്തേണ്ടത് സ്വന്തം എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ഗണേഷ് കുമാര്‍ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ഗണേഷ് കുമാര്‍ അങ്ങനെ പറഞ്ഞതെന്നും ഷമ്മിതിലകന്‍ ചോദിച്ചു. തന്നെക്കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ ബന്ധുവായ ഡി.വൈ എസ് പിയാണ് തനിക്കെതിരെ കേസുകള്‍ ഉണ്ടാക്കിയത്. ‘അമ്മ’ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാര്‍ തന്നെ പറഞ്ഞതാണ്. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയില്‍ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും ഷമ്മി തിലകന്‍ ആരോപിച്ചു.

അച്ഛന്‍ തിലകനോട് കാട്ടിയത് തന്നെയാണ് അമ്മ താരസംഘടന തന്നോടും കാണിക്കുന്നതെന്ന് ഷമ്മി തിലകന്‍. തന്റെ പോരാട്ടം അനീതിക്കെതിരെയാണെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം അമ്മ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്.