യുക്രൈനിലെ ഷോപ്പിങ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; 16 പേര്‍ മരിച്ചു

0
72

കീവ്: യുക്രൈന്‍ നഗരമായ ക്രിമെന്‍ചുക്കിലെ ഷോപ്പിംഗ് മാളില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ മരിച്ചു. 56 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും തീ കൂടുതല്‍ പടരാതിരിക്കാന്‍ സാധനങ്ങള്‍ മാറ്റുന്നതായും അധികൃതര്‍ വ്യക്തമാക്കി. മിസൈലുകള്‍ പതിക്കുമ്പോള്‍ ആയിരത്തിലധികം ആളുകള്‍ മാളില്‍ ഉണ്ടായിരുന്നതായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. മാള്‍ പൂര്‍ണമായും കത്തിനശിച്ചെന്നും മരണ സംഖ്യ കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മാളില്‍ തീ പടരുന്നതിന്റേയും രക്ഷാ പ്രവര്‍ത്തനത്തിന്റേയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാളില്‍ തിരക്കുള്ള സമയം കൃത്യമായി മനസ്സിലാക്കി മുന്‍കൂട്ടി പദ്ധതിയിട്ട മിസൈല്‍ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.
കപ്പല്‍വേധ മിസൈലുകളായ കെ.എച്ച്-22 ആണ് പതിച്ചതെന്നും തെക്കന്‍ റഷ്യയിലെ കീസ്‌ക്കില്‍ നിന്നുമാണ് അക്രമം നടന്നതെന്നുമാണ് യുക്രൈന്‍ വ്യോമായന മന്ത്രാലയം വ്യക്തമാക്കിയത്. റഷ്യ മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്നില്ലെന്നും അക്രമത്തിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.