യുവനടിയെ ബലാത്സഗം ചെയ്ത കേസ്; ഇന്ന് വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും

0
51

കൊച്ചി: യുവനടിയെ ബലാത്സഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. രാവിലെ 9 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്ന വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എറണാകുളം സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെങ്കിൽ ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇന്നലെ വിജയ് ബാബുവിനെ പനമ്പള്ളി നഗറിലെ ഡി ഹോംസിലെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു. ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ തുടരണമെന്നായിരുന്നു കോടതി നിർദേശം. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് അന്വേഷണ സംഘത്തോടൊപ്പം സഹകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.