Wednesday
17 December 2025
31.8 C
Kerala
HomeWorldട്രക്കിനുള്ളിൽ 46 അഭയാർത്ഥികൾ ശ്വാസം മുട്ടി മരിച്ചു; നാല് കുട്ടികൾ ഉൾപ്പെടെ 16 പേർ ആശുപത്രിയിൽ

ട്രക്കിനുള്ളിൽ 46 അഭയാർത്ഥികൾ ശ്വാസം മുട്ടി മരിച്ചു; നാല് കുട്ടികൾ ഉൾപ്പെടെ 16 പേർ ആശുപത്രിയിൽ

ടെക്‌സാസ്:  അമേരിക്കയിലെ ടെക്‌സാസിന് സമീപം സാൻ അന്റോണിയോയിൽ ട്രക്കിനുള്ളിൽ 46 അഭയാർത്ഥികൾ ശ്വാസം മുട്ടി മരിച്ചു.  ഇവർ മെക്‌സിക്കൻ സ്വദേശികളായ അഭയാർത്ഥികളാണെന്നാണ് വിവരം. കൂറ്റൻ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അവശനിലയിലായ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ നാല് പേർ കുട്ടികളാണ്. അമേരിക്കയിലേക്ക് എത്താനുള്ള ശ്രമത്തിനിടെ അപകടമുണ്ടായെന്നാണ് കരുതുന്നത്.

മെക്സിക്കൻ അതിർത്തിയിൽ നിന്ന് 250 കിലോ മീറ്റർ അകലെയാണ് ട്രക്ക് കിടന്നിരുന്നതെന്നും പ്രദേശത്തെ താപനില 99 ഫാരൻഹീറ്റ് ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു. സാൻ അന്റോണിയോ നഗരത്തിനടുത്ത് റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 18 ചക്രങ്ങളുള്ള കൂറ്റൻ ട്രക്കായിരുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കൻ സമയം തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്കായിരുന്നു പ്രദേശവാസി ട്രക്ക് കണ്ടെത്തിയത്.

മനുഷ്യക്കടത്തിന്റെ ഭാഗമായി അമേരിക്കയുടെ മെക്‌സിക്കോ അതിർത്തി വഴി എത്തിയ അനധികൃത കുടിയേറ്റക്കാരാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രദേശത്ത് ഉയർന്ന താപനിലയായിരുന്നുവെന്നും അതിനാൽ ചൂടുകാരണം ട്രക്കിനുള്ളിലുള്ളവർ ശ്വാസം മുട്ടി മരിച്ചതാകാമെന്നുമാണ് നിഗമനം. ട്രക്കിനുള്ളിൽ 46 ഡിഗ്രി സെൽഷ്യസ് താപനില ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. എയർ കണ്ടീഷൻ സൗകര്യമോ വെള്ളമോ അവശ്യവസ്തുക്കളോ ഒന്നും തന്നെ ട്രക്കിൽ ഉണ്ടായിരുന്നില്ല. ഇത് ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലാണ്. അതേസമയം ഡ്രൈവർ ഒളിവിലാണെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്ന് ടെക്‌സാസ് പോലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments