വിദ്യാര്‍ഥികളില്ലാത്തതുകാരണം തമിഴ് നാട്ടിലെ 16 എന്‍ജിനിയറിങ് കോളേജുകള്‍ മാസ്റ്റര്‍ ഇന്‍ എന്‍ജിനിയറിങ് (എം.ഇ.) കോഴ്സുകള്‍ നിര്‍ത്തുന്നു

0
84

ചെന്നൈ: ആവശ്യത്തിന് വിദ്യാര്‍ഥികളില്ലാത്തതുകാരണം സംസ്ഥാനത്തെ 16 എന്‍ജിനിയറിങ് കോളേജുകള്‍ മാസ്റ്റര്‍ ഇന്‍ എന്‍ജിനിയറിങ് (എം.ഇ.) കോഴ്സുകള്‍ നിര്‍ത്തുന്നു. സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളേജുകളിലെ എം.ഇ. സീറ്റുകളുടെ 85 ശതമാനവും കഴിഞ്ഞവര്‍ഷം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
അണ്ണാ സര്‍വകലാശാലയില്‍ അഫിലിയേറ്റുചെയ്ത 16 കോളേജുകളാണ് കോഴ്സുകള്‍ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. പവര്‍ ഇലക്ട്രോണിക്സിലെ എം.ഇ. കോഴ്സ് അവസാനിപ്പിക്കാനാണ് അഞ്ചു കോളേജുകള്‍ അപേക്ഷ നല്‍കിയത്. പവര്‍ സിസ്റ്റം എന്‍ജിനിയറിങ് കോഴ്സുകളാണ് നാലു കോളേജുകള്‍ അവസാനിപ്പിക്കുന്നത്. രണ്ടു കോളേജുകള്‍ പവര്‍ സിസ്റ്റം എന്‍ജിനിയറിങ് കോഴ്സ് ആണ് നിര്‍ത്തുന്നത്. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ്ങിലെ എം.ഇ. കോഴ്സുകളാണ് അഞ്ച് കോളേജുകള്‍ നിര്‍ത്തുന്നത്.
ഇവയില്‍ മിക്ക കോഴ്സുകളും കാലഹരണപ്പെട്ടതാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കംപ്യൂട്ടര്‍ സയന്‍സ് എം.ഇ. കോഴ്സിന് കുട്ടികളില്ലെങ്കിലും ഇതിലെ ബി.ഇ. കോഴ്സിന് ആവശ്യക്കാരുണ്ട്. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുക്കുന്ന വിദ്യാര്‍ഥികള്‍ ബിരുദാനന്തര ബിരുദത്തിന് നില്‍ക്കാതെ ജോലിക്കു പോകുന്നതുകൊണ്ടാണ് എം.ഇ. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളിലായി 10,000 എം.ഇ. സീറ്റുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം 3073 പേര്‍ മാത്രമാണ് ഇതിന് അപേക്ഷിച്ചത്. അതില്‍ 1659 പേര്‍ക്കാണ് പ്രവേശനം നല്‍കിയത്. ബാക്കി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു.
വിദ്യാര്‍ഥികള്‍ കുറവായതുകാരണം ഈ വര്‍ഷം സംസ്ഥാനത്ത് 10 എന്‍ജിനിയറിങ് കോളേജുകളാണ് പൂട്ടുന്നത്. സംസ്ഥാനത്തെ 1135 എന്‍ജിനിയറിങ് കോളേജുകളിലായി 1,51,871 സീറ്റുകളാണുള്ളത്.
കഴിഞ്ഞവര്‍ഷം ഇതില്‍ 56,802 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. 81 കോളേജുകള്‍ക്ക് 20 ശതമാനം സീറ്റിലേക്കുപോലും കുട്ടികളെ കിട്ടിയില്ല. 50 ശതമാനം സീറ്റിലേക്കെങ്കിലും കുട്ടികളെ കിട്ടിയിലെങ്കില്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. ഈ സാഹചര്യത്തിലാണ് ചില കോളേജുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായത്.