ഹജ്ജ് തീർത്ഥാടകർക്കായി ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കി സൗദി

0
72

ജിദ്ദ: ഹജ്ജ് തീർത്ഥാടകർക്കായി ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കി സൗദി. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇലകട്രോണിക് ഗൈഡ് പുറത്തിറക്കിയത്. അറബിക്, ഇംഗ്ലീഷ്, ഉറുദു, ഫ്രഞ്ച് ഭാഷകളിലാണ് കാലാവസ്ഥാ വിവരങ്ങളടങ്ങിയ ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കിയത്. ഹജ്ജ് സീസണിൽ മക്കയിലും മദീനയിലും നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ കാലാവസ്ഥാ വിവരങ്ങൾ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഴ, താപനില, ഈർപ്പം, കാറ്റ് തുടങ്ങിയ വിവരങ്ങളും ഗൈഡിലുണ്ട്.

ഹജ്ജ് തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ, അറഫാ ദിനത്തിൽ ചൊല്ലേണ്ട പ്രാർത്ഥനകൾ, ഹജ്ജ് കർമങ്ങൾ നടത്തേണ്ട സ്ഥലങ്ങളുടെ ഭൂപടം എന്നിവയടങ്ങിയ ലഘുലേഖയും അധികൃതർ വിതരണം ചെയ്യും. അതേസമയം, മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് സൗദി അറേബ്യ അനുമതി നൽകി. ഹജ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് ഗതാഗത മന്ത്രാലയം പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകിയത്. റൂട്ട് 5, 6, 7, 8, 9, 12 എന്നിവയാണ് നഗരത്തിനകത്ത് വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്തുക.

ഹജ്ജ് സീസണിൽ മക്കയ്ക്കു പുറത്തു നിന്നുള്ള വാഹനങ്ങളുടെ പ്രവേശനം തടഞ്ഞതിനാൽ തീർത്ഥാടകർക്കായി പ്രത്യേക ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കയറാവുന്ന വിധം നവീന സൗകര്യങ്ങളുള്ള ബസുകളാണ് സർവ്വീസിന് ഉപയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.