അഴിമതിക്കേസില്‍ അറസ്റ്റിലായ പഞ്ചാബ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ലിയുടെ മകന്‍ വെടിയേറ്റ് മരിച്ചു

0
89

ചണ്ഡീഗഡ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പഞ്ചാബ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ലിയുടെ മകന്‍ വെടിയേറ്റ് മരിച്ചു.

27 കാരനായ കാര്‍ത്തിക് പോപ്ലി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറയുമ്ബോള്‍, അവനെ കൊലപ്പെടുത്തിയതാണെന്ന് സഞ്ജയ് പോപ്ലി ആരോപിച്ചു.

ഇദ്ദേഹത്തിന്‍റെ വസതിയില്‍ വിജിലന്‍സ് റെയിഡ് നടക്കുന്നതിനിടെയാണ് കാര്‍ത്തിക് പോപ്ലിയുടെ മരണം. “എന്റെ കണ്‍മുന്നില്‍ വെച്ചാണ് മകന്‍ കൊല്ലപ്പെട്ടത്. മകന്റെ മരണത്തിന് ഞാന്‍ ദൃക്സാക്ഷിയാണ്,” സഞ്ജയ് പോപ്ലി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകനെ ഉദ്യോഗസ്ഥര്‍ വെടിവച്ചതാണെന്ന് സഞ്ജയ് ആരോപിച്ചു.

കാര്‍ത്തിക്കിന് വെടിയേല്‍ക്കുന്ന സമയത്ത് വിജിലന്‍സ് സംഘം വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അയല്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സഞ്ജയ് പോപ്ലിക്കെതിരായ അഴിമതി കേസിലെ അന്വേഷണത്തിനാണ് വിജിലന്‍സ് സംഘം ഇദ്ദേഹത്തിന്‍റെ ചണ്ഡീഗഡിലെ വീട്ടില്‍ റെയിഡിന് എത്തിയത്.

പഞ്ചാബിലെ നവന്‍ഷഹറില്‍ മലിനജല പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കുന്നതില്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് ജൂണ്‍ 20 നാണ് സഞ്ജയ് പോപ്ലി അറസ്റ്റിലായത്. ഇദ്ദേഹത്തിന്‍റെ വീട്ടില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ നിരവധി സ്വര്‍ണ-വെള്ളി നാണയങ്ങളും പണവും മൊബൈല്‍ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അതേ സമയം കേസില്‍ സഞ്ജയ് പോപ്ലിക്കെതിരെ മൊഴി നല്‍കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. “വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി, അവര്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തെറ്റായ മൊഴി നല്‍കാന്‍ എന്റെ വീട്ടുജോലിക്കാരിയെ പോലും പീഡിപ്പിക്കുകയായിരുന്നു. 27 വയസ്സുള്ള എന്റെ മകന്‍ പോയി. അവന്‍ ഒരു മിടുക്കനായ അഭിഭാഷകനായിരുന്നു’ – സഞ്ജയ് പോപ്ലി ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.