തന്റെ പേരിൽ വന്ന വ്യാജ വാർത്തയെ സ്‌പോട്ടിൽ പൊളിച്ച്‌ മന്ത്രി എം വി ഗോവിന്ദൻ

0
92

തിരുവനന്തപുരം > തന്റെ പേരിൽ വന്ന വ്യാജ വാർത്തയെ സ്‌പോട്ടിൽ പൊളിച്ച്‌ മന്ത്രി എം വി ഗോവിന്ദൻ. യുവജന വിദ്യാർഥി സംഘടനകളിൽ ഭൂരിഭാഗവും മദ്യാസക്തി ഉള്ളവരാണെന്ന്‌ മന്ത്രി പറഞ്ഞു എന്നായിരുന്നു മലയാളം ചാനലകളും ഓൺലൈൻ പോർട്ടലുകളും വ്യാജ വാർത്ത നൽകിയത്‌. വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ചാനലിൽ വന്ന വാർത്തയ്‌ക്ക്‌ അതേ വേദിയിൽത്തന്നെ മന്ത്രി മറുപടി നൽകുകയായിരുന്നു.
വിദ്യാർഥികളിലും ചെറുപ്പക്കാരിലും നല്ലപോലെ മദ്യാസക്തി നിലവിലുണ്ട്‌. അത്‌ ഒഴിവാക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനം വേണം എന്നായിരുന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്‌. ഇതിനെ “യുവജനസംഘടനകളില്‍ നല്ലൊരു പങ്കും കുടിയന്‍മാര്‍, സ്വയം നിയന്ത്രിക്കണം – മന്ത്രി’ എന്നാണ്‌ മിക്ക മാധ്യമങ്ങളും വാർത്ത നൽകിയത്‌. ഇത്‌ നെഗറ്റീവായാണ്‌ മാധ്യമങ്ങളിൽ വാർത്ത നൽകിയത്. വിദ്യാർഥികളിലും ചെറുപ്പക്കാരിലും മദ്യാസക്തി നിലവിലുണ്ട്‌ എന്നത്‌ ഉറപ്പിച്ച്‌ പറയുന്നതായും മന്ത്രി പറഞ്ഞു.
ഇത്തരം നെഗറ്റീവ്‌ വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ യഥാർത്ഥത്തിൽ മയക്കുമരുന്ന്‌ ലോബിയെ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കുന്നതിന്‌ പകരം ആളുകളെ വഴിതെറ്റിക്കുന്നതിന്‌ വേണ്ടിയുള്ള ബോധപൂർവ്വമായ പ്രചാരവേല നടത്തുന്നത്‌ പത്രധർമ്മമല്ല. അത്‌ പത്ര മുതലാളിയുടെ ധർമ്മമാണ്‌ – മന്ത്രി പറഞ്ഞു.