ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

0
110

തലഹസ്സി:ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.ബാത്ത് ടബ്ബില്‍ രക്തം വാര്‍ന്ന് കിടക്കവെ അയാള്‍ ഭാര്യയുടെ കൈ പിടിച്ച്‌ അവള്‍ക്ക് പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നു.

ഫ്ലോറി‌ഡയിലാണ് സംഭവം നടന്നത്. 21കാരനായ സിചെന്‍ യാങാണ് ഭാര്യ നൂ ക്യുന്‍ ഫാമിനെ കൊലപ്പെടുത്തിയത്.

ക്രൂരമായ കൊലപാതകം, തളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒരു അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സിചെന്റെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്. ഒരാള്‍ തന്റെ ഭാര്യയെ കൊന്നുവെന്നും, കുറ്റകൃത്യം നടന്ന സ്ഥലം വൃത്തിയാക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ഫോണിലൂടെ അജ്ഞാതന്‍ പൊലീസിനെ അറിയിച്ചത്. നൂ ക്യുന്‍ കുളിമുറിയില്‍ കഴുത്ത് അറുത്ത നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് പൊലീസ് കണ്ടത്. കൂടാതെ, തറയില്‍ ഒരു ജോഡി റബ്ബര്‍ കയ്യുറകളും ഒരു കുപ്പി അണുനാശിനിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍, സിചെന്‍ കുറ്റം സമ്മതിച്ചു.

സിചെനിന്റെ പാസ്‌പോര്‍ട്ട് ഭാര്യ കത്തിച്ചു. ഇതോടെ അവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും സിചെന്‍ ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യയുടെ കഴുത്ത് താന്‍ അറുക്കുകയും, ബാത്ത് ടബ്ബില്‍ മുക്കി കൊല്ലുകയുമായിരുന്നുവെന്നും അയാള്‍ പൊലീസിനോട് പറഞ്ഞു. അവള്‍ മരിക്കുന്നതുവരെയുള്ള പത്ത് മിനിറ്റ് സമയം അയാള്‍ അവളുടെ കൈപിടിച്ച്‌ സമീപത്ത് ഇരുന്ന് അവളുടെ പ്രിയപ്പെട്ട ഗാനം വച്ചുകൊണ്ടിരിക്കയായിരുന്നു എന്നും പൊലീസ് പറയുന്നു. സഹായത്തിനായി ഇയാള്‍ 911 എന്ന എമര്‍ജന്‍സി വിളിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.