സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം തുടങ്ങി

0
100

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം തുടങ്ങി. കുട്ടികള്‍ക്ക് പിരിമുറുക്കങ്ങളില്ലാതെ മൊഴി നല്‍കാനും വിചാരണയില്‍ പങ്കെടുക്കാനുമുള്ള സൗകര്യങ്ങളാണ് ശിശു സൗഹൃദ പോക്സോ കോടതിയില്‍ ഒരുക്കിയിട്ടുള്ളത്.

എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്‌സ് സെഷന്‍സ് കോടതിയോട് ചേര്‍ന്നാണ് ആദ്യ ശിശു സൗഹൃദ പോക്‌സോ കോടതി പ്രവര്‍ത്തനം തുടങ്ങിയത്.

ലൈംഗിക അതിക്രമ കേസുകളില്‍ മൊഴി കൊടുക്കാന്‍ എത്തുന്ന കുട്ടികള്‍ നേരിട്ട് പ്രതികളെ കാണേണ്ട സാഹചര്യം ഇവിടെ ഒഴിവാകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കുട്ടിയെ ജഡ്ജി ഉള്‍പ്പെടെയുള്ളവര്‍ കാണുന്നത്. വിചാരണയും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തും. ജഡ്ജിയുടെ മുന്നില്‍ മൊഴി രേഖപ്പെടുത്താനായി എത്തുമ്ബോള്‍ പോലും കുട്ടിക്ക് പ്രതിയെ കാണേണ്ട സാഹചര്യം ഉണ്ടാവില്ല.

കുട്ടികള്‍ക്ക് വേണ്ടി ലൈബ്രറിയും ചെറുപാര്‍ക്കുകളും കോടതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട് .സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന 28 പോക്സോ കോടതികളും ഇനി ഇതുപോലെ ശിശു സൗഹൃദമായിരിക്കും. 69 ലക്ഷം രൂപ ചിലവിട്ടാണ് ആദ്യ പോക്സോ കോടതി തയ്യാറാക്കിയത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ കോടതി ഉദ്ഘാടനം ചെയ്തു.