‘പവർ സ്റ്റാർ’ 100 കോടി ക്ലബ്ബിൽ കയറണ്ട : കാരണം വ്യക്തമാക്കി ഒമർ ലുലു

0
140

കൊച്ചി: ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ദക്ഷിണേന്ത്യയിലെ കൊക്കെയ്ൻ മാഫിയയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് സിനിമയുടെ പ്രമേയം. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട് ഒമർ ലുലു പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റും അതിന് ഒമർ നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ‘പവർ സ്റ്റാർ 100 കോടി ക്ലബ്ബിൽ കയറട്ടെ’, എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്.

‘പവർ സ്റ്റാർ 100 കോടി ക്ലബ്ബിൽ കയറണ്ട, ആകെ നാല് കോടി ബജറ്റിൽ ചെയ്യുന്ന പവർ സ്റ്റാർ 100 കോടി ക്ലബ്ബിൽ കയറിയാൽ എനിക്ക് അഹങ്കാരം വരും. അതുകൊണ്ട് സത്യസന്ധമായ ഒരു 40 കോടി ക്ലബ്ബ് മതി’, ഇങ്ങനെയാണ് സംവിധായകൻ ഒമർ ലുലു മറുപടി നൽകിയത്. ഇതിന്റെ സ്‌ക്രീൻ ഷോട്ട് ഒമർ ലുലു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.