ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ്

0
78

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ് എം പി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് എ.എം ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി കോടതി ശരിവെക്കുകയായിരുന്നു. കേസിൽ ഇനിയൊരു പുനരന്വേഷണം ആവശ്യമില്ലെന്ന് ജസ്റ്റിസ് ഖാന്‍വില്‍കര്‍ വ്യക്തമാക്കി. 2017 ഒക്ടോബർ 5ന് ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് സാക്കിയ ജഫ്രി നൽകിയ അപ്പീലാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കറും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
കലാപം നടക്കുമ്പോൾ ആ സമയം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് 63 പേർക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ആയിരുന്നു ഹർജി.2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 68 പേരില്‍ ഒരാളായിരുന്നു ഇഹ്സാന്‍ ജഫ്രി. 2012 ഫെബ്രുവരി 8നാണ് പ്രത്യേക അന്വേഷണ സംഘം മോദിക്കും 63 പേർക്കും ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചത്. മോദിക്കെതിരെ തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരായ തന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ 2017 ഒക്ടോബർ 5ലെ ഉത്തരവിനെ ചോദ്യംചെയ്താണ് 2018ൽ സാക്കിയ ജഫ്രി സുപ്രിംകോടതിയെ സമീപിച്ചത്. പ്രശസ്ത അഭിഭാഷകൻ കപില്‍ സിബലാണ് സാക്കിയ ജഫ്രിക്കായി ഹാജരായത്.