എബിസിഡി പറഞ്ഞില്ല! നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമർദ്ദനം; ട്യൂഷൻ സെന്റർ അദ്ധ്യാപകൻ അറസ്റ്റിൽ

0
68

കൊച്ചി: പള്ളുരുത്തിയിൽ നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമർദ്ദനം. ഇംഗ്ലീഷ് വാക്കുകൾ പറയാത്തതിനാലാണ് അദ്ധ്യാപകൻ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ അധ്യാപകൻ നിഖിലിനെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത് അറസ്റ്റ് ചെയ്ത ശേഷം ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പള്ളുരുത്തിയിൽ നിഖിൽ ട്യൂഷൻ സെന്റർ നടത്തി വരുന്നുണ്ട്.

മർദ്ദനമേറ്റ കുട്ടി എൽകെജിയിലാണ് പഠിക്കുന്നത്. ട്യൂഷന് വേണ്ടി നിഖിലിന്റെ സ്ഥാപനത്തിലും കുട്ടി പോയിരുന്നു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കുഞ്ഞിന് ഈ രീതിയിൽ അദ്ധ്യാപകനിൽ നിന്ന് മർദ്ദനമേറ്റു വാങ്ങേണ്ടി വന്നത്. ചൊവ്വാഴ്ച വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഇതിന് പുറമെ മാനസികമായ ചില ബുദ്ധിമുട്ടുകളും കുട്ടികാണിച്ചിരുന്നു.

ഇതോടെയാണ് അടുത്തുള്ള ആശുപത്രിയിലേക്ക് അച്ഛനും അമ്മയും കുഞ്ഞിനെ കൊണ്ടു പോകുന്നത്. അവിടെ എത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ കാലിൽ നീലിച്ച പാടുകളും, ചൂരൽ കൊണ്ടടിച്ച പാടുകളും കണ്ടത്. തുടർന്ന് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അദ്ധ്യാപകന്റെ പേരും, അടിക്കാനുണ്ടായ സാഹചര്യവും കുഞ്ഞ് വ്യക്തമാക്കിയത്.