കൊല്ലപ്പെട്ട ഗായകന്‍ സിദ്ദു മൂസെ വാലയുടെ അവസാന ഗാനം ഇന്ന് പുറത്തിറങ്ങും

0
77

പഞ്ചാബ്: കൊല്ലപ്പെട്ട ഗായകന്‍ സിദ്ദു മൂസെ വാലയുടെ അവസാന ഗാനം ഇന്ന് പുറത്തിറങ്ങും. ഗായകന്റെ ആകസ്മികമായ മരണത്തിന് ഏകദേശം ഒരു മാസത്തിന് ശേഷം പുറത്തിറങ്ങുന്ന ആദ്യത്തെ ഗാനമാണിത്.
എസ്.വൈ.എല്‍’ എന്ന് പേരിട്ടിരിക്കുന്ന ഗാനം വൈകുന്നേരം 6 മണിക്ക് സിദ്ദു മൂസെ വാല ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യുന്നത്.

സിദ്ദു മൂസെ വാലയുടെ പൂര്‍ത്തിയാകാത്തതും റിലീസ് ചെയ്യാത്തതുമായ ഗാനങ്ങള്‍ കുടുംബത്തിന് കൈമാറാന്‍ അദ്ദേഹത്തിന്റെ ടീം സംഗീത ലേബലുകളോടും നിര്‍മ്മാതാക്കളോടും അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ പിതാവിനാണ് അവകാശമെന്നും ടീം സൂചിപ്പിച്ചിരുന്നു.

സിദ്ധു മൂസ് വാലയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. ഗാനത്തിന്റെ പോസ്റ്ററും പങ്കുവെച്ചാണ് ആല്‍ബം പുറത്തിറങ്ങുന്ന വിവരം ടീം അറിയിച്ചത്. പോസ്റ്റ് വന്നയുടന്‍ വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. കാത്തിരിക്കാനാവില്ലെന്ന് നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.യഥാര്‍ത്ഥ ഇതിഹാസം, ഇതിഹാസങ്ങള്‍ ഒരിക്കലും മരിക്കില്ല തുടങ്ങിയ നിരവധി കമന്റുകളും പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുകയാണ് .
മെയ് 29 ന് പഞ്ചാബിലെ മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ച്‌ അജ്ഞാതരുടെ വെടിയേറ്റ് സിദ്ദു മൂസെ വാല കൊല്ലപ്പെടുന്നത്. പഞ്ചാബ് പൊലീസ് അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം. കേസില്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയി അറസ്റ്റിലായിരുന്നു.