തിരുവനന്തപുരം: തലസ്ഥാനത്തെ സിറ്റി ഗ്യാസ് പദ്ധതി സെപ്റ്റംബറിൽ തുടങ്ങും. വെട്ടുകാട്, ശംഖുംമുഖം, കൊച്ചുവേളി എന്നിവിടങ്ങളിലെ 2,500 വീടുകളിൽ ആദ്യഘട്ടത്തിൽ പൈപ്പിലൂടെ പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. എൽപിജിയേക്കാൾ 35 ശതമാനം വിലക്കുവിലാണ് പാചകവാതകം പൈപ്പുകളിലൂടെ വീടുകളിൽ എത്തുന്നത്.
സംസ്ഥാന സർക്കാരിന്‍റെ സഹകരണത്തോടെ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്ലാന്റിക്, ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡ് കന്പനിക്കാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ ചുമതല. വീടുകളിലേക്കുള്ള പ്ലംബിംഗ് ജോലികൾ അന്തിമഘട്ടത്തിൽ. കളമശ്ശേരി ഗെയിലിൽ നിന്ന് വാഹനം വഴി ദ്രവീകൃത വാതകം കൊച്ചുവേളിയിലെ പ്ലാന്‍റിലെത്തിച്ച് അവിടെ നിന്ന് പൈപ്പ് ലൈൻ വഴി വീടുകളിലേക്ക്. വൈദ്യുതി മാതൃകയിൽ മീറ്റർ വച്ച് ഉപയോഗിക്കുന്നതിനനുസരിച്ച് ബിൽ നൽകാനുള്ള സൗകര്യം. ഇതോടെ ഗ്യാസ് സിലിണ്ടറുകൾ അപ്രത്യക്ഷമാകും
വീടുകൾക്കുപുറമേ വാണിജ്യ കണക്ഷനുകളും സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി നൽകും. 3200 കോടി രൂപയാണ് പദ്ധതിയുടെ നിർമ്മാണച്ചെലവ്. കെഎസ്ആർടിസിയുടെ സിഎൻജി ബസ്സുകൾക്കും സിറ്റി ഗ്യാസ് പദ്ധതി വഴി വാതകം ലഭ്യമാക്കും.