Saturday
10 January 2026
31.8 C
Kerala
HomeEntertainmentകോടികൾ വിലയുള്ള താരജോഡി; നയൻസ് -വിഘ്നേഷ് വിപണിമൂല്യം 215 കോടിയെന്ന് റിപ്പോർട്ട്

കോടികൾ വിലയുള്ള താരജോഡി; നയൻസ് -വിഘ്നേഷ് വിപണിമൂല്യം 215 കോടിയെന്ന് റിപ്പോർട്ട്

ആലിയ-രൺബീർ വിവാഹത്തിന് ശേഷം സിനിമാലോകം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കല്യാണമായിരുന്നു വിഘ്നേഷ്-നയൻതാര ജോഡിയുടേത്. വെള്ളിത്തിരയിലെ ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹവാർത്ത തെന്നിന്ത്യയിൽ മാത്രമല്ല, ദേശീയതലത്തിൽ തന്നെ ആഘോഷിക്കപ്പെട്ടു. രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള മിന്നും താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വിവാഹചടങ്ങ് വിനോദരംഗത്ത് കോടികൾ വിപണി മൂല്യമുള്ള മെഗാ ഇവന്റായി. വൻതുക മുടക്കിയാണ് ഒരു ഒടിടി കമ്പനി കല്യാണ ചടങ്ങിന്റെ അവകാശം സ്വന്തമാക്കിയത്. നയൻ-വിഘ്നേഷ് വിപണിമൂല്യം എത്രയാകും എന്ന ആകാംക്ഷ അന്ന് മുതൽ പലരിലും ഉണ്ട്.

ചില ദേശീയ ഓൺലൈൻ പോർട്ടലുകൾ പുറത്തുവിടുന്ന കണക്കുകൾ കേട്ടാൽ മൂക്കത്ത് വിരൽ വയ്ക്കും. താരദമ്പതികളുടെ വിപണി മൂല്യം ഏകദേശം 215 കോടി വരുമെന്നാണ് റിപ്പോർട്ട്. നയൻതാരക്ക് മാത്രം 165 കോടി, വിഘ്നേഷ് ശിവനാകട്ടെ 50 കോടിയും. നയൻതാരയുടെ പ്രതിഫല കണക്കുകളും കണ്ണ് തള്ളിക്കും. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളാണ് നയൻസ്. ഒരു സിനിമക്കായി വാങ്ങുന്നത് 10 കോടി വരെ. 20 ദിവസത്തെ കോൾഷീറ്റിനാണ് ഈ തുക എന്ന് ഓർക്കണം. പരസ്യങ്ങളിൽ അപൂർവ്വമായി മാത്രം എത്താറുള്ള താരസുന്ദരി ഒരു കരാറിൽ 5 കോടി വരെ കൈപ്പറ്റുന്നു. ചെന്നൈയിൽ 2 ആഡംബര വീടുകൾ, ഹൈദ്രാബാദിൽ 15 കോടിയോളം വിലയുള്ള രണ്ട് ബംഗ്ലാവുകൾ, ബാംഗ്ലൂരിലും കേരളത്തിലും വീടുകൾ, പ്രൈവറ്റ് ജെറ്റ്, പല മോഡലുകളിലുള്ള മുന്തിയ ഇനം കാറുകൾ, അങ്ങനെ പോകുന്നു താരസുന്ദരിയുടെ സമ്പാദ്യ പട്ടിക. സംവിധായകനെന്ന നിലയിൽ 3 കോടി വരെ പ്രതിഫലം പറ്റുന്നുണ്ട് വിഘ്നേഷ് ശിവൻ.

ഗാനരചയിതാവ് കൂടിയായ വിഘ്നേഷ് പാട്ടെഴുത്തിന് 3 ലക്ഷം വരെ വാങ്ങുന്നു. വിവാഹസമ്മാനമായി വിഘ്നേഷിന് നയൻതാര ചെന്നൈയിൽ 20 കോടിയുടെ ബംഗ്ലാവ് നൽകിയതും അടുത്തിടെ വാർത്തയായി. ബിഗ് ബജറ്റ് സിനിമയെ വെല്ലുന്ന വിവാഹചടങ്ങ് പകർത്താൻ ഒടിടി കമ്പനി നൽകിയ തുക എത്രയാണെന്ന് പുറത്ത് വന്നിട്ടില്ല. തെന്നിന്ത്യൻ സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത കല്യാണമേളത്തിനായിരുന്നു ജൂൺ 9ന് മഹാബലിപുരം വേദിയായത്. തെന്നിന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരദമ്പതികളുടെ കല്യാണ ചടങ്ങുകൾ കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

RELATED ARTICLES

Most Popular

Recent Comments