ഹൈദരാബാദ്: ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തിനായി പ്രഭാസ് തന്റെ പ്രതിഫലം 25% വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍.
500 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. 120 കോടിയോളം പ്രഭാസിന്റെ പ്രതിഫലം മാത്രമാണെന്നും തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ കടുത്ത ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബാഹുബലിയുടെ വിജയത്തിന് ശേഷമാണ് പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്നത്. തുടര്‍ന്ന് ചെയ്ത സാഹോ സാമ്ബത്തികമായി വിജയിച്ചുവെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ഏറ്റുവാങ്ങിയത്. 2022 ല്‍ പുറത്തിറങ്ങിയ രാധേ ശ്യാം പരാജയമായിരുന്നു. ഇതെല്ലാം നിര്‍മ്മാതാക്കളുടെ ആശങ്കയ്ക്ക് കാരണമെന്നാണ് സൂചനകള്‍.
രാമായണം പ്രമേയമാകുന്ന ചിത്രം ത്രീഡി രൂപത്തിലാണ് ഒരുക്കുന്നത്. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.
പ്രഭാസിന് പുറമേ കൃതി സനോണ്‍, സെയ്ഫ് അലിഖാന്‍, സണ്ണി സിങ്, ദേവദത്താ നാഗേ, സൊണാല്‍ ചൗഹാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഹിന്ദിയിലും തെലുങ്കിലും ചിത്രം ഒരേ സമയം ചിത്രീകരിക്കുന്നു. 2023 ജനുവരി 12 ന് ചിത്രം റിലീസ് ചെയ്യും.