ലണ്ടനിലെ മലിനജല സാമ്ബിളുകളില്‍ നിന്ന് പോളിയോ വൈറസ് കണ്ടെത്തി; ലോകാരോഗ്യ സംഘടന

0
84

ജനീവ: ലണ്ടനിലെ മലിനജല സാമ്ബിളുകളില്‍ നിന്ന് പോളിയോ വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.സംഭവത്തില്‍ കൂടുതല്‍ വിശകലനം നടന്നുവരികയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ടൈപ്പ് 2 വാക്സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് ((VDPV2) ആണ് കണ്ടെത്തിയത്.

2022 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ലണ്ടന്‍ ബെക്ടണ്‍ മലിനജല സംസ്‌കരണ പ്രവര്‍ത്തന പ്ലാന്‍റില്‍ നിന്ന് ശേഖരിച്ച ഒന്നിലധികം മലിനജല സാമ്ബിളുകളില്‍ വൈറസ് കണ്ടെത്തിയതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്‌എസ്‌എ) പറഞ്ഞു. ഏകദേശം നാല് ദശലക്ഷം ആളുകള്‍ താമസിക്കുന്ന വടക്ക്, കിഴക്കന്‍ ലണ്ടനിലെ ഒരു വലിയ പ്രദേശത്താണ് ഈ പ്ലാന്റുള്ളത്.

രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്ബ് പോളിയോ രോഗം പൂര്‍ണമായി തുടച്ചുനീക്കപ്പെട്ട ബ്രിട്ടനില്‍ പോളിയോ വൈറസ് മനുഷ്യരിലേക്ക് എത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കടുത്ത ജാഗ്രത തുടരണമെന്നും ഏത് തരത്തിലുള്ള പോളിയോ വൈറസും എല്ലായിടത്തും കുട്ടികള്‍ക്ക് ഭീഷണിയാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പോളിയോ പ്രധാനമായും പധാനമായും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. ഈ രോഗത്തെ തുടച്ചുനീക്കുന്നതിന് വലിയ ആഗോള ശ്രമം തന്നെ നടന്നിരുന്നു. 1988 മുതല്‍ 125 രാജ്യങ്ങളിലായാണ് പോളിയോ വ്യാപിച്ചത്. ലോകമെമ്ബാടും 350,000 കേസുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് കേസുകള്‍ 99 ശതമാനം കുറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 2020-ല്‍ ആഗോളതലത്തില്‍ 959 പോളിയോ കേസുകളാണ് സ്ഥിരീകരിച്ചത്. വൈറസിന്റെ ചെറിയ സാന്നിധ്യം അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മാത്രമാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്തവരിലും ശുചിത്വ കുറവുള്ള സ്ഥലങ്ങളിലുമാണ് പോളിയോ കണ്ടെത്തിയിരുന്നത്. പോളിയോ വൈറസ് കണ്ടെത്തിയ ലണ്ടനില്‍ പോളിയോ പ്രതിരോധ കുത്തിവെപ്പ് ഏകദേശം 87 ശതമാനമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.