പാലക്കാട് അനസ് കൊലപാതകം; രണ്ട് പ്രതികളും പോലീസ് പിടിയിൽ

0
78

പാലക്കാട്: അനസ് കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ. മുഖ്യപ്രതി ഫിറോസിൻ്റെ സഹോദരൻ റഫീഖിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. റഫീഖിൻ്റെ പങ്ക് ചോദ്യം ചെയ്യലിലൂടെ ബോധ്യപ്പെട്ട ശേഷമാണ് പൊലീസ് നീക്കം. വിക്ടോറിയ കോളേജിന് മുന്നിൽവെച്ച് അനസിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, പ്രതി ഫിറോസിന്റെ സഹോദരൻ റഫീഖിനെയും വ്യക്തമായി കാണാം. എന്നാൽ റഫീഖ് ബൈക്കിൽ നിന്ന് ഇറങ്ങുന്നതിന് മുൻപേ ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ തല്ലി വീഴ്ത്തുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ് റഫീഖിനെതിരെ ആദ്യഘട്ടത്തിൽ നടപടിക്ക് പൊലീസ് സംശയിച്ചത്. എന്നാൽ ഫിറോസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് റഫീഖിൻ്റെ പങ്ക് വ്യക്തമാകുകയും, പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തലക്കടിയേറ്റ് അനസ് ബോധരഹിതനായ ശേഷം ഇരുവരും ചേർന്നാണ് അനസിനെ ആശുപത്രിയിലെത്തിച്ചത്. അനസിന് ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് പരിക്കേറ്റെന്ന് ആശുപത്രി അതികൃതരോട് പറഞ്ഞതും റഫീഖ് ആയിരുന്നു. റഫീഖിനെ അന്വേഷണസംഘം ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. ഇന്ന് തന്നെ പ്രതിയെ കോടതിയിലും ഹാജരാക്കും.

മരിച്ച അനസിനെ ഫിറോസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നു. ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. അടികൊണ്ടയുടൻ അനസ് താഴെ വീണു. ഫിറോസിനൊപ്പം സഹോദരനും ഈ സമയത്ത് ഉണ്ടായിരുന്നു. പിന്നീട് അനസിനെ ഫിറോസ് ഓട്ടോറിക്ഷയിൽ എടുത്ത് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാലക്കാട് വിക്ടോറിയ കോളേജിനു മുന്നിൽ വെച്ചാണ് അനസിനെ ഫിറോസ് മർദിച്ചത് വിക്ടോറിയ കോളജിന്റെ ലേഡീസ് ഹോസ്റ്റൽ പരിസരത്ത് അനസിനെ കണ്ടപ്പോൾ ഫിറോസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ അനസ് തന്നെ അസഭ്യം പറയുകയും മറ്റും ചെയ്തതോടെ ഇവിടെ നിന്ന് പോയ ഫിറോസ് സഹോദരനൊപ്പം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു.