കാമുകിയെ ക്രൂരമായി ആക്രമിച്ചതിന് ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് ജയിൽ ശിക്ഷ

0
74

സിങ്കപ്പൂർ: കാമുകിയെ ക്രൂരമായി ആക്രമിച്ചതിന് സിങ്കപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് ജയിൽ ശിക്ഷ. കാമുകിയെ മർദിക്കുകയും സിം കാർഡ് വിഴുങ്ങിയ ശേഷം ഫോൺ തകർക്കുകയും പാസ്‌പോർട്ട് വലിച്ചുകീറുകയും കൈകൊണ്ട് ശ്വാസം മുട്ടിക്കുകയും ചെയ്‌തെന്ന കേസിലാണ് സിങ്കപ്പൂർ കോടതിയുടെ വിധി. പാർടിബൻ മണിയം എന്ന 30 കാരന് ഏഴ് മാസവും മൂന്നാഴ്ചയുമാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
യുവതിയെ ആക്രമിക്കുന്ന അവസരങ്ങളിലെല്ലാം ഇയാൾ മദ്യലഹരിയിലായിരുന്നു. തന്റെ 38 വയസ്സുള്ള പങ്കാളിയുമൊത്ത് കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജനുവരി 23 വരെ യുവതിയുടെ ബന്ധുവിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ലിവിങ് റിലേഷനിലാണ്. ജനുവരി 23 ന് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാൻ പോയി തിരിച്ച് വീട്ടിലെത്തിയ പാർടിബൻ മറ്റൊരു പുരുഷനോടൊപ്പമാണെന്ന് ആരോപിച്ച് യുവതിയെ അസഭ്യം പറഞ്ഞു. 
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി യുവതിയുടെ ബന്ധു ഇടപെട്ടെങ്കിലും പാർതിബൻ കാമുകിയെ തല്ലുകയും മർദ്ദിക്കുകയും ചെയ്തു. ഫ്ലാറ്റിൽ തിരിച്ചെത്തിയ പാർതിബൻ കാമുകിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അടുക്കള കത്തി കാമുകിയുടെ കഴുത്തിൽ വച്ചു. പിന്നീട് ഒരു മരം കൊണ്ട് തീർത്ത ടവൽ ഹോൾഡർ കൊണ്ട് യുവതിയുടെ തലയിൽ അടിച്ചു. ഇരുവരും തമ്മിൽ അടിപിടിയിലെത്തി. ബന്ധു പൊലീസിനെ വിളിക്കുകയും പാർതിബനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 
ജാമ്യത്തിൽ തിരിച്ചെത്തിയ ഇയാൾ വീണ്ടും യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒരിക്കൽ കൂടി ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ വീണ്ടും യുവതിയുടെ ഫ്ലാറ്റിലെത്തി. യുവതിയെ ഇടിക്കുകയും മലേഷ്യൻ പാസ്പോർട്ട് വലിച്ചുകീറുകയുമായിരുന്നു. വീണ്ടും പൊലീസെത്തി ഇയാളെ പിടികൂടി, കോടതിയിൽ ഹാജരാക്കി. വിചാരണയിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ ശിക്ഷിക്കുകയായിരുന്നു.