ന്യൂയോർക്കിൽ ഹോംവെയർ ലൈൻ അവതരിപ്പിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

0
65

ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോളിതാ, തന്റെ പുതിയ സംരംഭം പരിചയപ്പെടുത്തുകയാണ് താരം. അമേരിക്കയിൽ പുതിയ ഹോംവെയർ ലൈൻ ആരംഭിച്ചിരിക്കുകയാണ് നടി. ‘സോന ഹോം’ എന്നാണ് ഹോംവെയർ ശ്രേണിയ്ക്ക് പേരിട്ടിരിക്കുന്നത്.

പ്രിയങ്ക തന്നെയാണ് ഈ സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. സംരംഭത്തിന്റെ സഹ സ്ഥാപകനായ മനീഷ് ഗോയലുമൊന്നിച്ചുള്ള ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ‘ലോഞ്ച് ദിവസം ഇതാ! നിങ്ങളെയെല്ലാം ‘സോന ഹോം’ പരിചയപ്പെടുത്തുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിൽ നിന്ന് വന്ന് അമേരിക്കയെ എന്റെ രണ്ടാമത്തെ വീടാക്കി മാറ്റുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. പക്ഷേ എന്റെ യാത്ര, എന്റെ രണ്ടാമത്തെ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടെത്തുന്നതിലേയ്ക്ക് എന്നെ നയിച്ചു.

ചെയ്യുന്ന എല്ലാത്തിലും എന്റെ ഇന്ത്യൻ വേരുകളും കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ഇത് ആ ചിന്തയുടെ വിപുലീകരണമാണ്. ഞങ്ങളുടെ ഹൃദയത്തിനും പൈതൃകത്തിനും വളരെ പ്രിയപ്പെട്ട ഒന്ന് സൃഷ്ടിക്കുന്നതിൽ മനീഷ് ​ഗോയലിനും ഞങ്ങളുടെ മുഴുവൻ ടീമിനുമൊപ്പം പ്രവർത്തിക്കുന്നത് സന്തോഷകരമാണ്. ഇന്ത്യൻ സംസ്കാരം അതിന്റെ ആതിഥ്യമര്യാദയ്ക്ക് പേരു കേട്ടതാണ്, അത് മനുഷ്യരെ ഒരുമിച്ച് കൊണ്ടുവരുന്നതിനെ കുറിച്ചുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് ‘സോന ഹോമി’ന്റെ ധാർമ്മികത. ആതിഥേയത്വം, കുടുംബം, സംസ്കാരം എന്നിവയോടുള്ള ഞങ്ങളുടെ അതേ സ്നേഹം നിങ്ങളുടെ വീടുകളിലും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’, പ്രിയങ്ക ചോപ്ര ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.