അഭയ കൊലക്കേസ് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

0
97

കൊച്ചി: അഭയ കൊലക്കേസ് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിരിക്കുന്നത്. സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരുടെ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 5 ലക്ഷം രൂപ കെട്ടി വെക്കണം, പ്രതികൾ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അഭയ കൊലക്കേസുമായി ബന്ധപ്പെട്ട ഒന്നും മൂന്നും പ്രതികളായ സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ശിക്ഷാവിധി റദ്ദാക്കിക്കൊണ്ട് തങ്ങൾക്ക് ജാമ്യം അനുവദിക്കണം എന്നതായിരുന്നു പ്രതികളുടെ ആവശ്യം. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്. എന്നാൽ, കേസിന്‍റെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതികൾ ആരോപിച്ചത്.