യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

0
52

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും സംവിധായകനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കോടതി നിർദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിന്റെ ഭാഗമായുള്ള പരാതിയെന്നാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്. വിജയ് ബാബുവിൽ നിന്ന് കടുത്ത പീഡനമാണ് നേരിടേണ്ടിവന്നതെന്നായിരുന്നു നടിയുടെ വാദം. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി നേരത്തെ തീർപ്പാക്കിയിരുന്നു.

പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്.എന്നാൽ ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിന്റെ ഭാഗമായുള്ള പരാതിയെന്നാണ് വിജയ് ബാബുവിന്റെ വാദം. ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നി൪ദ്ദേശപ്രകാരമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുട൪ന്ന് അന്വേഷണ സംഘം പോലിസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.

ദുബായിൽ തങ്ങിയ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഇൻ്റർപോൾ വഴിയും വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കൊച്ചി സിറ്റി പൊലീസ് നീക്കം ആരംഭിച്ചു. ഇതോടെ ഒരു ഘട്ടത്തിൽ വിജയ് ബാബു ദുബായിൽ നിന്നും ജോർജിയയിലേക്ക് കടന്നിരുന്നു. കുറ്റവാളികളെ കൈമാറാനുള്ള ഉഭയകക്ഷി കരാറിൽ ഇന്ത്യയും ജോർജിയയും ഒപ്പുവച്ചിട്ടില്ല എന്നു കണ്ടാണ് വിജയ് ബാബു ദുബായ് വിട്ടത്.