തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന ഇന്ന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം നൽകിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി വ്യക്തമാക്കി.
രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു.
തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ കഴിഞ്ഞ ദിവസം രണ്ട് യുവാക്കൾ മരിച്ചിരുന്നു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. റേസിങ്ങിനിടെ മുന്നോട്ട് കുതിക്കുന്നതിനിടെ ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ബൈക്ക് റേസിങ് നടത്തിയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോള്‍ത്തന്നെ ഇരുവരുടെയും നില അതീവഗുരുതരമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം ബൈപ്പാസ് മേഖലയില്‍ ബൈക്ക് റേസിങ് സ്ഥിരമായി നടക്കാറുണ്ട്.