എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) മോദി സര്‍ക്കാറിനും തന്നെ ഭയപ്പെടുത്താനാകില്ല; രാഹുൽ ഗാന്ധി

0
68

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) മോദി സര്‍ക്കാറിനും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ഭയക്കുന്നില്ലെന്നും അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ രാഹുല്‍ പറഞ്ഞു.

‘ഇ.ഡി മുറിയില്‍ രാഹുല്‍ ഒറ്റയ്ക്കായിരുന്നില്ല. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓരോ നേതാവുമുണ്ടായിരുന്നു. ഈ സര്‍ക്കാറിനെതിരെ നില്‍ക്കുന്ന ഓരോ ഇന്ത്യക്കാരനും എന്റെ പിറകിലുണ്ടായിരുന്നു.ഇ.ഡിയും ഇത്തരത്തിലുള്ള ഏജന്‍സികളും എന്നെ ബാധിക്കില്ല’ – അദ്ദേഹം പറഞ്ഞു.

ഇത്രമാത്രം ക്ഷമ എവിടുന്നു കിട്ടി എന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നോട് ചോദിച്ചത്. 2004 മുതല്‍ ഞാന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു, അവിടെ നിന്നാണ് ക്ഷമ കൈവന്നത് എന്നാണ് താന്‍ ഉത്തരം നല്‍കിയത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസത്തിനിടെ അമ്ബത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. അഞ്ചാം ദിവസം 12 മണിക്കൂറായിരുന്നു ചോദ്യം ചെയ്യല്‍.ഇ.ഡി ചോദ്യം ചെയ്യലില്‍ തനിക്ക് പിന്തുണയുമായെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ നന്ദി അറിയിച്ചു.

അഗ്നിപഥ് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ ദുര്‍ബലമാക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കാര്‍ഷിക നിയമങ്ങള്‍ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഗ്നിപഥ് പദ്ധതി പിന്‍വലിക്കേണ്ടി വരുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഒരിക്കല്‍ ഒരു റാങ്ക്, ഒരു പെന്‍ഷന്‍ എന്നായിരുന്നു അവര്‍ സംസാരിച്ചു​കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു റാങ്കുമില്ല, ഒരു പെന്‍ഷനുമില്ല. അഗ്നിപഥിലൂടെ സൈന്യത്തിലെത്തുന്നവര്‍ വിരമിച്ചാല്‍ പിന്നീടൊരിക്കലും അവര്‍ക്ക് തൊഴില്‍ ലഭിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.