തായ്‌പേയ്: തായ്‌വാനെ അധീനതയിലാക്കാൻ ചൈനയുടെ നീക്കം ശക്തമാകുന്നതായി ആരോപണം. നിരന്തരം യുദ്ധവിമാനങ്ങളയക്കുന്ന ചൈന ഇന്നലെ 30 വിമാനങ്ങളുടെ വ്യൂഹത്തെ തായ്വാൻ വ്യോമാതിർത്തി കടത്തിയാണ് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്ക തായ്‌വാനെ സഹായിച്ചാൽ പസഫിക്കിലെ എല്ലാ അമേരിക്കൻ താവളങ്ങളും തകർക്കുമെന്ന മുന്നറിയിപ്പ് ചൈന നടത്തിയതിന് പിന്നാലെയാണ് വിമാനങ്ങളുമായുള്ള പ്രകോപനം.
കൊറോണ വ്യാപനം ആരംഭിച്ചതു മുതൽ തായ്വാൻ-ചൈന ബന്ധത്തിലുണ്ടായ വിള്ളൽ അമേരിക്ക മുതലെടുത്തുവെന്നാണ് ചൈനയുടെ വിദേശകാര്യവകുപ്പ് ആരോപിക്കുന്നത്. ചൈന സ്വതന്ത്ര രാജ്യമായി ഇതുവരെ അംഗീകരിക്കാത്ത തായ്‌വാനെ സ്വതന്ത്രമാക്കാനുള്ള നീക്കവുമായി അമേരിക്ക നീങ്ങുന്നതിനെ കടുത്ത ഭാഷയിലാണ് ചൈന വിമർശിക്കുന്നത്. പസഫിക്കിൽ ക്വാഡ് സഖ്യരൂപീകരണം പോലും തങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക മുന്നേറ്റമാണെന്നും അതിനെ തകർക്കുമെന്നും ചൈന ആവർത്തിക്കുകയാണ്.
കൊറോണ വ്യാപനം ചൈനയുടെ വുഹാൻ ലാബിൽ നിന്നാണെന്ന വാർത്ത തെളിവ് സഹിതം പുറത്തുവിട്ടതാണ് തായ്വാനോടുള്ള ചൈനയുടെ ശത്രുത കടുക്കാൻ കാരണം. പിന്നാലെ ലോകാരോഗ്യ സംഘടന തായ്വാനെ ആഗോള ആരോഗ്യ മേഖല കൂട്ടായ്മയിലും ഉൾപ്പെടുത്തി. പിന്നാലെ അമേരിക്കയുടെ വാണിജ്യ പ്രതിരോധ പങ്കാളിത്തമാണ് തായ്വാന് ആത്മവിശ്വാസം പകർന്നത്. ഇതിനിടെ തങ്ങളുടെ വ്യോമാതിർത്തി കടന്നെത്തിയ ചൈനയുടെ ജെറ്റ് തായ്‌വാൻ വെടിവെച്ച് വീഴ്‌ത്തിയതടക്കം 2020-2021 മുതൽ മേഖലയിൽ പ്രകോപനപരമായ സാഹചര്യങ്ങളാണ് നിലവിലുള്ളത്.