ഇന്ന് ലോക സംഗീത ദിനം. ജൂൺ 21 ലോക സംഗീത ദിനമായി ആചരിക്കുന്നു. 1982-ൽ ഫ്രാൻസിലാണ് ആദ്യമായി ലോക സംഗീത ദിനം ആചരിച്ചത്. അന്നത്തെ ഫ്രഞ്ച് സാംസ്കാരിക മന്ത്രി ജാക്ക് ലാംഗാണ് ഇത് സംഘടിപ്പിച്ചത്. സമ്മർ സോളിസ്റ്റിസിലാണ് ജാക്ക് ലാംഗും മൗറീസ് ഫ്ലൂററ്റും ചേർന്ന് പാരീസിൽ ഫെറ്റെ ഡി ലാ മ്യൂസിക് ആരംഭിച്ചത്. അതുകൊണ്ടാണ് ലോക സംഗീത ദിനം ഫെറ്റെ ഡി ലാ മ്യൂസിക് എന്ന പേരിൽ അറിയപ്പെടുന്നത്.
ലോക സംഗീത ദിനം ആരംഭിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും പിന്നിലുള്ള പ്രധാന വ്യക്തിയാണ് ഫ്ലൂററ്റ്. ഇന്ത്യ, ഇറ്റലി, ബ്രസീൽ, ജപ്പാൻ, ചൈന, മെക്സിക്കോ, കാനഡ, മലേഷ്യ, ഗ്രീസ്, റഷ്യ, ഇക്വഡോർ, ഓസ്‌ട്രേലിയ, പെറു, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളും സംഗീത ദിനം ആചരിച്ചു. ഇന്ന്, നൂറുകണക്കിന് നഗരങ്ങൾ ഈ ദിവസം വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ, എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും.
സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വികാരങ്ങളെ നിയന്ത്രിക്കുന്നതിനും മാനസിക സന്തോഷത്തിനും തലച്ചോറിനും സംഗീതം നല്ലതാണ്. മാനസിക സംഘർഷം കുറയ്ക്കും ഉത്കണ്ഠ കുറയ്ക്കാനും സംഗീതത്തിനാകും. കാൻസർ രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ സംഗീതം ആസ്വദിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സാധിക്കുന്നതായി കണ്ടെത്തിയിരുന്നു.